വിദ്യാർഥിനികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തേക്കും

By Web DeskFirst Published Nov 25, 2017, 10:49 PM IST
Highlights

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തേയ്ക്കും. മരിച്ച പെൺകുട്ടികളുടെ ക്ലാസ്സിലെ മാർക്ക് കുറഞ്ഞ 11 വിദ്യാർഥിനികളെ  അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പാളും ചില അദ്ധ്യാപകരും അപമാനിച്ചുവെന്നും ടിസി കൊടുത്ത് പറഞ്ഞുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠികൾ പറയുന്നത്. പഠിയ്ക്കാൻ മിടുക്കികളായിരുന്ന നാല് വിദ്യാർഥിനികൾ അദ്ധ്യാപകരുടെ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കുകയായിരുന്നു.

ആരക്കോണത്തിനടുത്തുള്ള പണപ്പാക്കത്തെ സർക്കാർ ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർഥിനികളായിരുന്നു മരിച്ച നാല് പേരും. ദീപ, ശങ്കരി, മനീഷ, രേവതി എന്നീ നാല് പ്ലസ് വൺ വിദ്യാർഥിനികളും ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ക്ലാസ്സിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞ 11 വിദ്യാർഥിനികളെ പ്രിൻസിപ്പാളും ചില അദ്ധ്യാപകരും അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികൾക്കും മുന്നിൽ വെച്ച് ശകാരിച്ചിരുന്നു. ഈ 11 കുട്ടികളെയും ക്ലാസ്സിൽ മാർക്ക് കുറഞ്ഞ ഉത്തരപ്പേപ്പർ പിടിച്ച് നിർത്തുകയും, മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിയ്ക്കുകയും ചെയ്തിരുന്നതായാണ് സഹപാഠികൾ പറയുന്നത്

. ഇതിൽ പലരും ദളിത് വിദ്യാർഥികളോ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരോ ആണ്. ഇനി അച്ഛനമ്മമാരെ കൊണ്ടുവന്ന് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. ഇതിന്‍റെ മനോവിഷമത്തിലാണ് ഇന്നലെ രാവിലെ നാല് പേരും സ്കൂൾ വിട്ടിറങ്ങിയത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കൾ ഉച്ചയോടെ തിരഞ്ഞിറങ്ങി. തുടർന്നാണ് സ്കൂളിന് ഏതാണ്ട് രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഉപേക്ഷിയ്ക്കപ്പെട്ട കിണറിനടുത്ത് നാലുപേരുടെയും സൈക്കിളുകൾ കണ്ടത്.  വിദ്യാർഥിനികളിൽ മൂന്ന് പേരുടെ മൃതദേഹം ഉടൻ പുറത്തെടുത്തു. ചളിയും പായലും നിറഞ്ഞ കിണറായതിനാൽ മനീഷയുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മാത്രമാണ് പുറത്തെടുക്കാനായത്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കുട്ടികളെ അധിക്ഷേപിച്ച പ്രിൻസിപ്പാളുൾപ്പടെയുള്ള അദ്ധ്യാപകരെ പൊലീസ് ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തേക്കും.

click me!