
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണ കാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. സുനന്ദയുടെ ഫോണ്‍ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ എയിംസിന്റെയും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് ജൂണില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.രണ്ടാഴ്ച മുമ്പ് വിദഗ്ദ്ധ മെഡിക്കല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മരണകാരണത്തെകുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നായിരുന്നു എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്‌ക്കായി എഫ്ബിഐക്ക് അയച്ചിരുന്നു.
മരണം വിഷം മൂലമാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ലെങ്കിലും റേഡിയോ ആക്ടീവ് കെമിക്കലുകളല്ല മരണകാരണമെന്ന് എഫ്ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.സുനന്ദയുടെ ഫോണ്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇനി അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ട്വിറ്ററില്‍ സുനന്ദ പുഷ്കര്‍ സന്ദേശം കൈമാറിയിരുന്നു. ശശി തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നു.
സുനന്ദയുടെ ബ്ലാക്ക്‌ബെറി ഫോണിലെ ചാറ്റുകള്‍ ലഭിക്കാനായി അമേരിക്കന്‍ കോടതിയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനന്ദയുടെ മരണശേഷം ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. സുനന്ദയുടെ ലാപ്‌ടോപ്പിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടാനുണ്ട്. അഹമ്മദാബാദിലെ ലാബിലാണ് ലാപ്ടോപ് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam