ഇറാഖിലെ ഇർബിൽ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം നിലയുറപ്പിച്ച ശേഷം ഫ്രാൻസിന് ആദ്യമായാണ് ഒരു സൈനികനെ നഷ്ടമാകുന്നത്.

ബാഗ്‌ദാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം കക്ഷി ചേർന്ന ഫ്രാൻസിന് ഇറാഖിൽ തിരിച്ചടി. ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ കുർദിഷ് പെഷ്മെർഗ-ഫ്രഞ്ച് സംയുക്ത സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഫ്രാൻസിൽ നിന്നുള്ള ഒരു സൈനികൻ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണെന്നാണ് പ്രാഥമിക നിഗമനം. സൈനികൻ കൊല്ലപ്പെട്ടതായി ഫ്രഞ്ച് സൈന്യവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇർബിൽ പ്രവിശ്യയിലെ മഖ്‌മൂർ മേഖലയിലെ സൈനിക താവളത്തിന് നേരെയാണ് ഇന്നലെ ആക്രമണം നടന്നത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി ഫ്രഞ്ച് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഫ്രഞ്ച് സൈന്യത്തിൻ്റെ സെവൻത് ബറ്റാലിയൻ ഓഫ് ഷാസർ ആൽപിൻസിലെ ചീഫ് വാറന്റ് ഓഫീസർ അർനൗഡ് ഫ്രിയോൺ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ കടുത്ത ഭാഷയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു.

പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിൽ അമേരിക്കയുടെ ചേരിയിൽ നിലയുറപ്പിച്ച ഫ്രഞ്ച് സേനയ്ക്ക് ആദ്യമായാണ് സൈനികനെ നഷ്ടമാകുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടുന്നതിന് പ്രാദേശിക സേനയ്ക്ക് പരിശീലനം നൽകുന്നതിനായാണ് ഫ്രഞ്ച് സൈനികർ ഇർബിൽ മേഖലയിൽ ക്യാമ്പ് ചെയ്യുന്നത്. ഇവിടെ ഇറ്റാലിയൻ സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രഞ്ച് സൈന്യത്തിൻ്റെ താവളത്തിന് നേരെയും ആക്രമണമുണ്ടായത്.

Scroll to load tweet…