സുപ്രീം കോടതി; അവസാനിക്കാതെ തര്‍ക്കങ്ങള്‍

By web deskFirst Published Jan 16, 2018, 6:56 AM IST
Highlights

ദില്ലി:  സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. അതിനിടെ, സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ ഇന്ന് കേള്‍ക്കും. ഭരണഘടന ബെഞ്ചിലും വിട്ടുവീഴ്ചക്ക് ചീഫ് ജസ്റ്റിസ് ഇതുവരെ തയ്യാറായിട്ടില്ല.

സുപ്രീംകോടതിയില്‍ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നു എന്നാണ് ഇന്നലെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യക്ഷ സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി മുമ്പ് തീരുമാനിച്ച അതേ ഭരണഘടന ബെഞ്ചുകള്‍ തന്നെ നാളെ മുതല്‍ ശബരിമല, ആധാര്‍, സ്വവര്‍ഗ്ഗരതി കേസുകള്‍ പരിഗണിക്കാന്‍ പോവുകയാണ്. 

സിബിഐ കോടതി ജഡ്ജി ലോയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് ഇന്ന് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കുകയും ചെയ്യുന്നു. ഭരണപരമായ കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചക്ക് ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാണ്. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇതുവരെയും പ്രതിഷേധിച്ച നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസും നേരിട്ട് ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. 

പ്രശ്‌നപരിഹാരത്തിനായി ഫുള്‍  ബെഞ്ച് വിളിക്കുമെന്ന സൂചനകളുണ്ടായെങ്കിലും അക്കാര്യത്തിലും തീരുമാനം വൈകുകയാണ്. ജുഡീഷ്യല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഇന്നലെ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. കോടതി നടപടികള്‍ ഇന്നും സാധാരണ പോലെ മുന്നോട്ടുപോകുമെങ്കിലും ജഡ്ജിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ എങ്ങനെ തീരും ആര് തീര്‍ക്കും എന്നത് ഇപ്പോഴും വ്യക്തമല്ല.>

click me!