കര്‍ണ്ണാടക പ്രോടേം സ്‌പീക്കറെ മാറ്റില്ല; നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീം കോടതി

Web Desk |  
Published : May 19, 2018, 11:54 AM ISTUpdated : Jun 29, 2018, 04:20 PM IST
കര്‍ണ്ണാടക പ്രോടേം സ്‌പീക്കറെ മാറ്റില്ല; നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീം കോടതി

Synopsis

ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ ഭാഗം കൂടി കേള്‍ക്കാതെ വിധി പറയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു.

ദില്ലി: കര്‍ണ്ണാടകത്തില്‍ പ്രോടെം സ്‌പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബോപ്പയ്യയ തന്നെ തുടരും. പ്രോടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്‍വലിക്കുകയായിരുന്നു.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടേം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി  ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമെന്നത് കീഴ്‍വഴക്കമാണ്. നിയമമല്ല. മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തതോടെ ബൊപ്പയ്യയുടെ പൂര്‍വ്വകാല ഇടപെടലുകള്‍ കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‍വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ മുന്‍പു് ബിജെപിക്ക് അധികാരം ഉറപ്പിക്കാന്‍ ബൊപ്പയ്യ നടത്തിയ വഴിവിട്ട നീക്കങ്ങളെക്കുറിച്ചും അഭിഭാഷകര്‍ പരാമര്‍ശിച്ചു. നേരത്തെ അദ്ദേഹത്തിനെതിരെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങളും സിബല്‍ കോടതിയില്‍ വാദിച്ചു. 

ഇതോടെ ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ ഭാഗം കൂടി കേള്‍ക്കാതെ വിധി പറയാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ബൊപ്പയ്യക്ക് നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കണം. അങ്ങനെയങ്കില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്നും വിശ്വാസ വോട്ടെടുപ്പിന് മറ്റൊരാള്‍ വേണമെന്നും കപില്‍ സിബല്‍ വാദിച്ചു. കോടതിക്ക് എങ്ങനെ പ്രാടേം സ്പീക്കറെ നിയമിക്കാനാകുമെന്ന് ജഡ്ജിമാർ ചോദിച്ചു.ഇന്ന ആളെ നിയമിക്കണമെന്ന‌് ആവശ്യപ്പെടാൻ വ്യവസ്ഥയില്ല. പ്രോടേം സ്പീക്കർക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണോ ഹർജിക്കാരെന്ന് ചോദിച്ച കോടതി, ബൊപ്പയ്യയുടെ ഭാഗം കേള്‍ക്കാതെ അദ്ദേഹത്തിനെതിരെ വിധി പറയാന്‍ കഴിയില്ലെന്ന് ഉറച്ച നിലപാടെടുത്തതോടെ നടപടികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നതടക്കമുള്ള മറ്റ് ആവശ്യങ്ങളിലേക്ക് അഭിഭാഷകര്‍ കടന്നു.

നിയമസഭാ നടപടികള്‍ ലോക്കല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്യാമെന്ന് കര്‍ണ്ണാടകയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതുപോരെന്നും എല്ലാ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യന്‍ അനുവദിക്കണമെന്ന വാദം കപില്‍ സിബലും മനു അഭിഷേത് സിങ്‍വിയും ഉയര്‍ത്തി. ഇതില്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. നടപടികള്‍ എല്ലാ ചാനലുകള്‍ക്കും തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു.  നടപടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കാകി.  വിശ്വാസ വോട്ടെടുപ്പും സത്യപ്രതിജ്ഞയും അല്ലാതെ മറ്റ് ഒരു നടപടിയും ഇന്ന് സഭയില്‍ നടത്തരുതെന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്