
ദില്ലി: എൽ.ജി.ബി.ടി സമൂഹം ക്രിമിനലുകളാണെന്ന തെറ്റായ ധാരണ മാറണമെന്ന് സുപ്രീംകോടതി. 377 ആം വകുപ്പ് ഇല്ലാതാകുന്നതോടെ ഇതിൽ മാറ്റംവരുമെന്ന പ്രതീക്ഷയുണ്ടെന്നും കോടതി പറഞ്ഞു. സ്വവര്‍ഗരതി കേസിലെ തീരുമാനം കോടതിയുടെ പരിഗണനക്ക് വിട്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ മലക്കംമറിച്ചിലല്ലെന്ന് അഡീഷണൽ സോളിസിറ്റര്‍ ജനറൽ വ്യക്തമാക്കി.
രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എൽ.ജി.ബി.ടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സ്വവര്‍ഗരതി കേസിൽ മൂന്നാംദിവസം വാദം കേൾക്കുന്നതിനിടെ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു. തങ്ങൾ ക്രിമിനലുകളാണെന്നും അവഗണിക്കപ്പെടുന്നു എന്നുമുള്ള തോന്നലിൽ നിന്ന് എൽ.ജി.ബി.ടി സമൂഹം പുറത്തുവരണം. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377 -ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദമൂലം ഇവര്‍ക്ക് വിവാഹം കഴിക്കേണ്ടിവരുന്നു. അതുവഴി ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്നു. ഈ സ്ഥിതിയിൽ മാറ്റംവരണമെന്നും കോടതി പരാമര്‍ശം നടത്തി. സ്വവര്‍ഗരതി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് ഹര്‍ജിക്കാര് വേണ്ടി ഹാജരായ അശോക് ദേശായി വാദിച്ചു.
അതേസമയം, സ്വവര്‍ഗരതി ക്രിമിനൽ കുറ്റമായി നിലനിര്‍ത്തണമെന്നും, അതിനെതിരായിരുന്നു ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായമെങ്കിൽ ഇതിന് മുമ്പേ 377 -0ാം വകുപ്പ് ഭേദഗതി ചെയ്യപ്പെട്ടേനേ എന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ വാദം. ഒരു നിയമത്തിന്‍റെ ഭരണഘടനസാധുത പരിശോധിക്കാനുള്ള കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് അതിന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. 377 0ാം വകുപ്പിൽ തീരുമാനം കോടതിക്ക് വിട്ട കേന്ദ്രത്തിന്‍റെ നിലപാട് മലക്കംമറിച്ചിലാണെന്ന ആരോപണവും വാദത്തിനിടെ ഉയര്‍ന്നു. കേസിൽ വാദം കേൾക്കൽ ഇനി അടുത്ത ചൊവ്വാഴ്ച നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam