
ദില്ലി: വധശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചു. വിശദമായ വാദങ്ങള്‍ക്കൊടുവില്‍ മൂന്നംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വധശിക്ഷയുടെ നിയമസാധുത ശരിവച്ചപ്പോൾ, വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
2011ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചത്തീസ്ഗഢ് സ്വദേശി ചന്നുലാൽ വർമ്മ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിർണ്ണായക വിധി. തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും വധശിക്ഷയുടെ നിയമസാധുത ഭൂരിപക്ഷ വിധിയിലൂടെ കോടതി ശരിവച്ചു.
1980ലെ ബച്ചൻ സിംഗ്, മച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ വധശിക്ഷയുടെ ശരിതെറ്റുകൾ പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ്മാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും വ്യക്തമാക്കി. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ വധശിക്ഷയിലൂടെ കഴിഞ്ഞിട്ടില്ലെന്ന് നിയമ കമ്മീഷന്റെ 262 ആം റിപ്പോർട്ടിലെ കണ്ടെത്തൽ ആധാരമാക്കിയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ ഭിന്ന വിധി.
പലപ്പോഴും പൊതു ജനവികാരം കണക്കിലെടുത്താണ് അന്വേഷണ ഏജന്‍സികള്‍ വധ ശിക്ഷയ്ക്കായി കോടതിയിൽ സമ്മര്‍ദം ചെലുത്താറുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. വധശിക്ഷ നിര്‍ത്തലാക്കണമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam