
ദില്ലി: കായൽകൈയ്യേറ്റ കേസിൽ ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ ആവശ്യത്തിന് തിരിച്ചടി. തോമസ് ചാണ്ടിയുടെ അഭിഭാഷകൻ മാറ്റണമെന്ന് ആവശ്യപ്പെട്ട അതേ ബെഞ്ചിലേക്ക് തന്നെ കായൽ കൈയ്യേറ്റ കേസ് ചീഫ് ജസ്റ്റിസ് വിട്ടു. കേസ് വരുന്ന വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.
കായൽ കൈയ്യേറ്റത്തെ കുറിച്ചുള്ള ഹൈക്കോടതി വിധിയും കളക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമാപിച്ചത്. കേസ് ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാൾ, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനും തീരുമാനിച്ചു. എന്നാൽ ആ ബെഞ്ചിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ അഭിഭാഷകനായ വിവേക് തൻക അപേക്ഷ നൽകി. ഇതനുസരിച്ച് കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് മാറി.
പിന്നീട് ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ഡിസംബര്‍ 15ന് കേസ് പരിഗണനക്ക് വന്നപ്പോഴാകട്ടെ ചീഫ് ജസ്റ്റിസിനൊപ്പം ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എ.എൻ കൻവീൽക്കര്‍ കേസ് കേൾക്കാനാകില്ലെന്ന് അറിയിച്ചു. ഇതോടെ മറ്റൊരു ബെഞ്ചിലേക്ക് കേസ് വിടാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചത്. എന്നാൽ ഈ ആഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടിക പുറത്തുവന്നപ്പോഴാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ ഏത് ബെഞ്ചിൽ നിന്നാണോ കേസ് മാറ്റണം എന്ന് ആവശ്യപ്പെട്ടത് അതേ ബെഞ്ചിലേക്ക് തന്നെയാണ് ചീഫ് ജസ്റ്റിസ് കേസ് വിട്ടിരിക്കുന്നത്. ഇതോടെ തുടക്കത്തിലെ സുപ്രീംകോടതിയിൽ നിന്ന് തോമസ് ചാണ്ടിക്ക് തിരിച്ചടിയായി.
ജസ്റ്റിസ് ആര്‍.കെ.അഗര്‍വാൾ, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹാജരാകാനാകില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻക പറയുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും മുതിര്‍ന്ന അഭിഭാഷകരെ ഹാജരാക്കാനാകും തോമസ് ചാണ്ടി ശ്രമിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam