
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കേസിലാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ ഹൈക്കോടതികളിൽ നൂറിലധികം ജഡ്ജിമാരുടെ ഒഴിവാണ് ഉള്ളത്. ജഡ്ജിമാരില്ലാത്തതുകൊണ്ട് കര്‍ണാടക ഹൈക്കോടതിയിലെ പല കോടതികളും അടച്ചിട്ടിരിക്കുകയാണ്.
അലഹാബാദ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവും നികത്തനായിട്ടില്ല. കൊലീജിയം ശുപാര്‍ശ ചെയ്യുന്ന പേരുകളോട് വിയോജിപ്പുണ്ടെങ്കിൽ പേരുകൾ തിരിച്ചയക്കുകയാണ് വേണ്ടത്. അല്ലാതെ നിസഹകരണവുമായി മുന്നോട്ടുപോവുകയല്ല വേണ്ടത്. കേന്ദ്ര സര്‍ക്കാർ തുടരുന്ന നിസഹകരണം ജുഡീഷ്യൽ രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജഡ്ജിമാരെ നിയമിക്കാനാകില്ലെങ്കിൽ കോടതികൾ അടച്ചുപൂട്ടുകയാണ് നല്ലതെന്ന് അറ്റോര്‍ണി ജനറൽ മുകുൾ റോത്തക്കിയോട് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്‍റെ നിരുത്തരവാദ സമീപനം ഇതേപോലെ തുടരുകയാണെങ്കിൽ പ്രധാനമന്ത്രി സെക്രട്ടറിയെയും, നിയമ സെക്രട്ടറിയെയും കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജഡ്ജിമാരുടെ നിയനക്കാര്യത്തിൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറൽ മുകുൾ റോത്തകി കോടതിയിൽ മറുപടി നൽകി.
ജഡ്ജിമാരുടെ നിയമനത്തിൽ ഇതിന് മുമ്പും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് വിമര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ ഉത്തരവിറക്കുമെന്ന് മുന്നറിയിപ്പും കോടതി നൽകിയിരുന്നു. എന്നിട്ടും സര്‍ക്കാരിൽ നിന്നും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് കടുത്ത ഇടപെടലിലേക്ക് സുപ്രീംകോടതി നീങ്ങുന്നത്. കേസ് ദീപാവലി അവധിക്ക് ശേഷമുള്ള നവംബർ 11ലേക്ക് മാറ്റിവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam