
ബെര്‍മിങ്ഹാം: സര്‍ജറിക്കുള്ള അനസ്തേഷ്യ നല്‍കിയതിന് ശേഷം രോഗിയ്ക്ക് സംഭവിക്കുന്നതെന്താണെന്ന് കൃത്യമായ ധാരണ സാധാരണ രോഗികള്‍ക്ക് ലഭിക്കാറില്ല. എന്നാലും അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അവ്യക്തമായ ഒരു ചിത്രം രോഗിയ്ക്ക് തിയേറ്റര്‍ വിടുമ്പോള്‍ ലഭിക്കാറുണ്ട്. പലപ്പോഴും സര്‍ജറിയ്ക്ക് എത്തിക്കുന്ന രോഗികളോടുള്ള ഡോക്ടര്‍മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പിന്നീട് പരാതി ഉയരാറുണ്ട്.
ബെര്‍മിങ്ഹാമിലെ ഈ ഡോക്ടര്‍ വ്യത്യസ്തനാവുന്നത് അവയവമാറ്റ ശസ്ത്രക്രിയയ്ക്കെത്തുന്ന രോഗികളോടുള്ള ക്രൂരമായ പെരുമാറ്റത്തിനാണ്. പ്രത്യക്ഷത്തില്‍ അവ്യക്തമായ രീതിയിലായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്നതിനാല്‍ ആയിരുന്നു ഇത്രനാളും പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നത്.
അമ്പത്തി മൂന്നുകാരനായ സൈമണ്‍ ബ്രാംഹാള്‍ എന്ന ഈ ഡോക്ടര്‍ക്ക് തന്റെ മുന്നില്‍ ചികില്‍സയ്ക്കായി എത്തുന്ന സ്ത്രീ രോഗികളുടെ ആന്തരാവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ട്രിക് ബീം പതിപ്പിച്ച് കോറിയിടുന്നതാണ് ശീലമാക്കിയത്. ആന്തരികാവയവങ്ങളിലെ ഇത്തരം കോറിയിടലുകള്‍ രോഗിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് സൈമണ്‍ പറയുന്നത്. എന്നാല്‍ സൈമണ്‍ കരള്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്ത്രീയ്ക്ക് അസുഖം ഭേദമാകാതെ വരികയും തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോളാണ് പോറിയിടല്‍ ശ്രദ്ധയില്‍ പെട്ടത്.
ബര്‍മിങ്ഹാമിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിലെ പന്ത്രണ്ട് വര്‍ഷത്തിലധികമായി പാന്‍ക്രിയാസ്, കരള്‍, പ്ലീഹ സംബന്ധമായ ശസ്ത്രക്രിയാ വിദഗ്ധനെന്ന പേരെടുത്ത ഡോക്ടറാണ് സൈമണ്‍. നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. വിമാന അപകടത്തില്‍ പെട്ടയാളുടെ കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് 2010ല്‍ ലോകശ്രദ്ധ നേടിയ ഡോക്ടറാണ് സൈമണ്‍.
മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് സൈമണിനെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് ചികിത്സാ പ്രാവീണ്യം പരിഗണിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് സൈമണ്‍ ആശുപത്രിയുടെ അന്വേഷണത്തില്‍ സമ്മതിച്ചു. സൈമണിനെതിരെ നിലവില്‍ പരാതി ഇല്ലാത്തതിനാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ബെര്‍മിങ്ഹാമിലെ നിയമ വിഭാഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam