ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

By Web DeskFirst Published Dec 15, 2017, 10:50 AM IST
Highlights

ദില്ലി: വിവിധ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയുടെതാണ് ഇടക്കാല ഉത്തരവ്. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്,സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും നീട്ടിയ സമയപരിധി ബാധകമാണെന്ന് ഉത്തരവ് പറയുന്നു.

ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. പകരം സേവനങ്ങള്‍ 31വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് കോടതി ചെയ്തത്. ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരിയിലാവും  സുപ്രീംകോടതിയില്‍ അന്തിമ വാദം നടക്കുന്നത്. ഇത് മാര്‍ച്ച് 31നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രമേ തീയതി ഇനി നീട്ടുന്നതിനെ കുറിച്ച് ആലോചനയുണ്ടാവൂ. അതുവരെ ഈ ഇടക്കാല ഉത്തരവായിരിക്കും നിലനില്‍ക്കുക. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെതാണ് ഇടക്കാല ഉത്തരവ്.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെയാക്കി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണമെന്നുമാണു സർക്കാർ അറിയിച്ചത്. അതേസമയം നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഡിസംബര്‍ 31 വരെയായിരുന്നു സമയപരിധി.  ഇടക്കാല ഉത്തരവിലൂടെ ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. 

 

click me!