
കണ്ണൂരില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്‌ത്രക്രിയക്കുപയോഗിക്കുന്ന ‘സര്‍ജിക്കല്‍ ബ്ലേഡുകള്‍’ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ആണെന്ന് പൊലീസ് കണ്ടെത്തി. രാഷ്‌ട്രീയ വിവാദങ്ങളൊഴിവാക്കാന്‍, എതിരാളിയെ കൊലപ്പെടുത്താതെ മാരകമായി പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങളും പതിവാവുകയാണ്.
പത്തുരൂപ പോലും വിലയില്ലാത്ത, ആര്‍ക്കും വാങ്ങാന്‍ കിട്ടുന്ന സര്‍ജിക്കല്‍ ബ്ലേഡാണിത്. മൂര്‍ച്ചയ്‌ക്ക് പേരുകേട്ട ഈ ചെറു ബ്ലേഡ് രാഷ്‌ട്രീയ ക്രിമിനലുകളുടെ ഇഷ്‌ട ആയുധമാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്.
പത്ത് മാസം മുന്‍പ് തളാപ്പില്‍ വെച്ച് സുശീല്‍കുമാറിന് കമ്പികളും വാളുമുപയോഗിച്ച് ദേഹമാസകലം 23 വെട്ടുകളേറ്റു. പക്ഷെ വയറില്‍ സര്‍ജിക്കല്‍ ബ്ലേഡ് വെച്ച് നെടുനീളത്തില്‍ വരുത്തിയ ഒറ്റക്കീറലിന് മുന്നിലാണ് ഡോക്ടര്‍മാരും, വയറുപിളര്‍ന്ന് സുശീല്‍കുമാറും വലഞ്ഞുപോയത്. കുടല്‍ പുറത്തുവന്ന അവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മുറിവ് തുന്നിയെങ്കിലും പിന്നീട് വീണ്ടും ഇത് തുറന്നുവരികയായിരുന്നുവെന്ന് സുശീല്‍ കുമാര്‍ പറയുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു അന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുശീല്‍കുമാറിനെ ആക്രമിച്ചത്. അഴീക്കോട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കുത്തേറ്റ സി.പി.എം പ്രവര്‍ത്തകന്‍ കുടലിന് മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇതിനും പിടിയിലായത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയും നടക്കുന്നത്. കുറിപ്പടിപോലും ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് കിട്ടും. പയ്യന്നൂര്‍ ബിജു വധത്തിന് ശേഷമുണ്ടായ വലിയ വിവാദങ്ങളോടെ കൊലപാകങ്ങളില്ലാതായെങ്കിലും ഇത്തരത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുന്ന അക്രമങ്ങള്‍ പതിവാവുകയാണ്. തലശേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബു മുതല്‍ പാനൂരിലും കൂത്തുപറമ്പിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ചുരുക്കത്തില്‍ കൊലപാതകങ്ങളോളം ചര്‍ച്ചയാകേണ്ടതുണ്ട് മാരകമായ ഈ മുറിവേല്‍പ്പിക്കലുകളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam