ബിജെപി നേതാവിന്‍റെ മകന്‍റെ വിവാഹത്തിന് ആഘോഷങ്ങളില്ല, ഉള്ളത് ഒരു സന്ദേശം മാത്രം

By Web deskFirst Published Nov 18, 2017, 10:58 PM IST
Highlights

രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ വിവാഹം പണക്കൊഴുപ്പിന്‍റെ ആഘോഷമായി മാറുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി. തന്‍റെ മകന്‍ ഉത്കര്‍ഷിന്‍റെ വിവാഹമാണ് ലളിതവും വ്യത്യസ്തവുമായി ആഘോഷിക്കാന്‍ തീരുമാനിച്ച് സുശീല്‍ കുമാര്‍ മാതൃകയാകുന്നത്. 

വിവാഹക്ഷണക്കത്തിനൊപ്പം നല്‍കിയത് ആരും മാതൃകയാക്കേണ്ട സന്ദേശമാണ്. ഈ  വിവാഹത്തില്‍ സ്ത്രീധനം വാങ്ങുന്നില്ല എന്നതായിരുന്നു ആ പ്രഖ്യാപനം. വിവാഹത്തിനെത്തുന്ന അതിഥികള്‍ സമ്മാനങ്ങള്‍ കൊണ്ടുവരരുതെന്നും പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. വിവാഹത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആഡംബര ആഘോഷങ്ങളോ ഡിജെ പാര്‍ട്ടികളോ ഇല്ല. പാഴാക്കികളയാന്‍ അമിതമായി ഭക്ഷണവും ഉണ്ടാക്കുന്നില്ല. എല്ലാവര്‍ക്കും ലഘു ഭക്ഷണം മാത്രം നല്‍കാനാണ് സുശീല്‍ കുമാറിന്‍റെ തീരുമാനം. 

ഡിസംബര്‍ മൂന്നിനാണ് കൊല്‍ക്കത്തയില്‍നിന്നുള്ള പെണ്‍കുട്ടിയെ ഉത്കര്‍ഷ് വിവാഹം ചെയ്യുന്നത്. ബാംഗളൂരുവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലാണ് ഉത്കര്‍ഷ്. സ്ത്രീധനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള സുശീല്‍ കുമാര്‍, അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ശൈശവ വിവാഹവും സ്ത്രീധനവും തുടച്ചുനീക്കുന്നതിന്‍റെ ബാഗമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഹ്വാനം ചെയ്ത ക്യാംപയിന് പിന്തുണയുമായണ് സുശീല്‍ കുമാറിന്‍റെ നടപടി. സ്ത്രീധനം വാങ്ങുന്നതില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് ബീഹാര്‍. ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. 

 

click me!