
ദമാസ്കസ്: സിറിയയിലെ തന്ത്രപ്രധാന നഗരമായ ഹംസിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ചാവേറാക്രമണ പരമ്പര. ആക്രമണത്തില്‍ 40ലേറെ പേര്‍ മരിച്ചു. മരിച്ചവരില്‍ സിറിയന്‍ ഇന്റലിജന്സ് മേധാവിയും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി.
ഒരിടവേളയ്‌ക്ക് ശേഷം സിറിയ വീണ്ടും ചോരക്കളമായത്. തന്ത്രപ്രധാന നഗരമായ ഹംസിലെ.ഗൂതയിലെയും അല്‍മഹാതയിലെയും സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്താവളത്തില്‍ നുഴഞ്ഞ് കയറിയ ചാവേറുകള്‍ ആദ്യം വെടിയുതിര്‍ക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ആറിലധികം ചാവേറുകളാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. സൈന്യവും ഭീകരരും തമ്മില്‍ രണ്ടുമണിക്കൂറിലധികം വെടിവയ്പ്പുണ്ടതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആക്രമണത്തില്‍ മരിച്ചവരില്‍ സിറിയന്‍ ഇന്റലിജന്സ് മേധാവിയും, പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്റെ വിശ്വസ്ഥനുമായ ജനറല്‍ ഹസ്സന്‍ ദാബൂളും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു ചാവേറാക്രണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആക്രണത്തിന്റെ ഉത്തരവാദിത്തം ജിഹാദി സംഘടനയായ തഹ്‍രിര്‍ അല്‍ ഷാം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സിറിയന്‍ സര്‍ക്കാര്‍ തന്നെയാണെന്ന ആരോപണവുമായി ഫ്രി സിറിയന്‍ ആര്‍മി രംഗത്തെത്തി. യുഎന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാരിന്റെ നീക്കങ്ങളാണിതെന്നാണ് ആരോപണം. അതീവ സുരക്ഷാമേഖലയിലുണ്ടായ ആക്രണം വിശ്വാസയോഗ്യമല്ലെന്നും സമാധാന ചര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇനിയും പ്രതീക്ഷിക്കാമെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam