ഭൂമി വിൽപ്പന വിവാദം: കുറ്റസമ്മതം നടത്തി എറണാകുളം–അങ്കമാലി അതിരൂപത

By Web DeskFirst Published Dec 28, 2017, 7:24 PM IST
Highlights

കൊച്ചി: ഭൂമി വിൽപ്പന വിവാദം  കത്തിനിൽക്കെ കുറ്റസമ്മതവുമായി എറണാകുളം – അങ്കമാലി അതിരൂപതയുടെ വിശദീകരണക്കുറിപ്പ്. ഇടപാടിലെ സുതാര്യതയില്ലായ്മയും  കാനോനിക നിയമങ്ങളുടെ ലംഘനവും  വലിയ ധാർമിക പ്രശ്നങ്ങളുയർത്തുന്നെന്ന് സർക്കുലറിലുണ്ട്. പളളികളിൽ വായിക്കരുതെന്ന് നിർദേശിച്ചാണ് അതിരൂപതയിലെ വൈദികർക്ക് വിശദീകരണക്കുറിപ്പ് നൽകിയത്.

ഭൂമിയിടപാടിന്‍റെ പേരിൽ ഒരു വിഭാഗം വൈദികർതന്നെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പരസ്യമായിമായി രംഗത്തെത്തിയതിന് പിന്നാലെ   ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്ത് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നതിതാണ്.  66 കോടി രൂപയുടെ കടമടക്കാനാണ് കൊച്ചിയിലെ അ‌ഞ്ച് ഭൂമികൾ വിൽക്കാൻ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക്  സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ. 

എന്നാൽ ഇത് ലംഘിച്ച് 36 പേർക്ക് ഭൂമി മറിച്ചുവിറ്റു. 27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു  കരാറിൽ ഉണ്ടായിരുന്നത്. . എന്നാൽ 9  കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. ബാക്കി 18 കോടി  17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്. അതിരൂപതാ സഹായ മെത്രാൻമാരുടെ അറിവോ സമ്മതമോ കൂടാതെയാണ് തുടർ ഇടപാടുകൾ നടന്നത്, ഭൂമിയിടപാടുകൾക്കുശേഷം അതിരൂപതയുടെ കടം 84 കോടിയായി വർ‍ധിച്ചു. 

അതിരൂപതയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധി മാത്രമല്ല  ഇടപാടുകളിലെ സുതാര്യതയില്ലായ്മയും  കാനോനിക നിയമങ്ങൾ  പാലിക്കപ്പെട്ടില്ല എന്നതും  ഗൗരവമായ ധാ‍ർമിക പ്രശ്നങ്ങളാണ്. അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് ജനുവരി 31നകം സമർപ്പിക്കും.  ഇത് വത്തിക്കാനിലേക്ക് അയക്കാനും ശുപാ‍ർശയുണ്ടെന്നും സർക്കുലറിലുണ്ട്. 

പേരെടുത്തുപറഞ്ഞില്ലെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ട  കർദിനാ‌ൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് അതിരൂപതാ മെത്രാൻ തന്നെ വൈദികർക്കയച്ച ഈ വിശീദകരണക്കുറിപ്പ്. 
 

click me!