
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലക്ക് രാജ്യത്തുടനീളം കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന് നേതൃത്വം നൽകുകയും, ബിജെപി-ആർഎസ്എസ് രാഷ്ട്രീയ അച്ചുതണ്ടിനെതിരെയുള്ള പ്രതിപക്ഷ പോരാട്ടങ്ങൾക്ക് ഏകോപിപ്പിക്കുകയും ചെയ്യുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് കെസി വേണുഗോപാൽ. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ കെ.സി വേണുഗോപാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ്രതാപൻ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുതയുള്ളതിനാലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കെസി വേണുഗോപാലിനെ ആക്ഷേപിക്കുന്നത്. ദേശീയ തലത്തിലും സ്വാധീനമുള്ള ഒരു കോൺഗ്രസ് നേതാവിന് കേരളത്തിൽ ജനപ്രീതി വർദ്ധിക്കുന്നത് സിപിഐഎം നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. കെ.എസ്.യു കാലം മുതൽക്കേ ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരാടി വളർന്ന നേതാവാണ് കെസി വേണുഗോപാൽ എന്നത് സിപിഐഎമ്മിന്റെ ശത്രുത ഇരട്ടിയാക്കുന്നു.
സിപിഐഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടത് കക്ഷികൾ കൂടി ചേർന്നാണല്ലോ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യമുണ്ടായത്. എന്നിട്ടും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ ബീഹാറിൽ പ്രചരണത്തിന് പോയില്ല. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. അവിടെയൊന്നും പിണറായി വിജയനെ കണ്ടില്ല. ബിജെപിക്കെതിരെ സംസാരിക്കാൻ മടിയുള്ള മുഖ്യമന്ത്രിയെ പറ്റി സിപിഐഎം സംസ്ഥാന സെക്രട്ടറി എന്താണ് പറയുക?
ദേശീയതലത്തിൽ നിലനിൽക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് കെസി വേണുഗോപാൽ. കേരളത്തിലെ ഇടത് പാർട്ടികളും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയം സംബന്ധിച്ച രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സാമാന്യ രാഷ്ട്രീയ-മുന്നണി മര്യാദകൾ പാലിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രദ്ധിക്കണം. അധികാരം നഷ്ടപ്പെടുന്നുമെന്ന് ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി എന്തും പറയാമെന്ന് കരുതുന്നത് അപഹാസ്യപരമാണ് എന്നും ടിഎൻ പ്രതാപൻ കുറ്റപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam