
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തിയത് നൂറിലധികം ആളുകളെ കണ്ടതിന് ശേഷം. പെണ്‍കുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും പ്രതിയെ കീഴടുക്കുകയും ചെയ്ത ചുവന്ന ഷർട്ടുധരിച്ചിരുന്നയാൾക്കുവേണ്ടി തെരച്ചില്‍ ശക്തമായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്തിയത് നൂറിലധികം ഓട്ടോ ഡ്രൈവർമാരെയും കച്ചവടക്കാരെയും കണ്ടതിന്ശേഷമാണ്. ചുവന്ന ഷർട്ടുകാരനായ ശങ്കര്‍ എന്നയാൾക്കൊപ്പം വെളുത്ത ഷർട്ട് ഇട്ട സുഹൃത്തും കൂടെയുണ്ടായിരിന്നു. ശ്രീക്കുട്ടി വീണ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ട്രെയിൻ നിന്നത്. തുടർന്ന് ശങ്കറും സുഹൃത്തും അവിടെയിറങ്ങി പെൺകുട്ടിയെ അന്വേഷിച്ച് ട്രാക്കിലൂടെ തിരികെ നടക്കുകയായിരുന്നു. ഇതിനിടെ മെമു കടന്ന് പോയപ്പോൾ പെൺകുട്ടിയെ ട്രെയിനിൽ കയറ്റി രക്ഷപ്പെടുത്തി എന്ന് ധരിച്ചു. തുടർന്ന് ഇട വഴിയിലൂടെ പ്രധാന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഈ റോഡിൽ ശങ്കറും സുഹൃത്തും നിൽക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായിരുന്നു.
ഇവർ ഓട്ടോക്ക് വേണ്ടി നടന്നതാണെന്ന ധാരണയിലാണ് പൊലീസ് നൂറിലധികം ഓട്ടോ ഡ്രൈവർമാരുടെ മൊഴി എടുത്തു. തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ കൊച്ചുവെളിയിലെ ജംഗ്ഷനിൽ ഇവരെ എത്തിച്ച വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് ഈ പ്രദേശങ്ങളിലെ കടകൾ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ഇന്നലെ ഉച്ചയോടെ ഇവർ ഹിന്ദിക്കാരാണെന്ന വിവരം കിട്ടിയത്. സമീപത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. തുടർന്ന് ഇന്നലെ രത്രിയോടെയാണ് പൊലീസ് ശരത്തിനെ കണ്ടെത്തിയത്.
പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് ശങ്കറാണ്. അര്‍ച്ചനയെ രക്ഷിച്ച ശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.