
മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച്, മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ മൊഴിയെടുക്കും. അതേസമയം എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ് സെൻകുമാർ.
പ്രത്യേക മതവിഭാഗത്തിനെതിരെ ടി പി സെൻകുമാർ നടത്തിയ പരാമർശം ഒരു ഓൺലൈൻ മാധ്യമത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ടി പി സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ചിന് കീഴിലുളള സൈബർ പൊലീസ് കേസ്സെടുത്തത്. മതസ്പർദ്ധ വളർത്തുന്ന പരാമാർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമനം 153(എ), ഐടി നിയമം എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യക്തമായ നിയമോപദേശപ്രകാരമായിരുന്നു ക്രൈംബ്രാഞ്ചിനിന്റെ നടപടി.
അടുത്ത ഘട്ടമെന്നോണം അന്വേഷണ സംഘം സെൻകുമാറിന്റെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. എന്നാൽ ഇതിനെ നിയമപരമായി നേരിടാനാണ് മുൻ പൊലീസ് മേധാവിയുടെ നീക്കമെന്നറിയുന്നു. തനിക്കെതിരെയുളള എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ നിയമപോരാട്ടത്തിന് ഒരുങ്ങുന്നെന്നാണ് സൂചന. ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനം വിവാദമായതോടെ, തന്റെ വാക്കുകൾ വളച്ചൊടിച്ചാണ് അഭിമുഖമെന്ന് കാട്ടി സെൻകുമാർ നേരത്തെ ഓൺലൈൻ മാധ്യമത്തിന്റെ പത്രാധിപർക്ക് കത്തയച്ചിരുന്നു. ഇതിന്റെ പകർപ്പും ലേഖകൻ നൽകിയ മറുപടിയും പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവട്പിടിച്ചാണ് സെൻകുമാറിന്റെ നീക്കം. ഓൺലൈൻ അഭിമുഖത്തിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.ലേഖകന്റെയും പത്രാധിപരുടെയും മൊഴിയുമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam