തമിഴ് രാഷ്ട്രീയം കലുഷിതമാണ്; രജനികാന്ത് നിലപാട് പറഞ്ഞേ തീരൂ...

By Web DeskFirst Published Dec 31, 2017, 4:33 PM IST
Highlights

ചെന്നൈ: തമിഴകരാഷ്‌ട്രീയത്തില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുമ്പോള്‍ രജനീകാന്തിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. ദ്രാവിഡരാഷ്‌ട്രീയം ആഴത്തില്‍ വേരോടിയ തമിഴ്നാട്ടില്‍ ഹിന്ദുത്വത്തിലൂന്നിയ രജനിയുടെ  ആത്മീയ രാഷ്‌ട്രീയം എത്രമാത്രം വിജയിയ്‌ക്കുമെന്ന് കണ്ടറിയണം. പല പാര്‍ട്ടികളോട് അനുഭാവമുള്ള അണികളെ ഒന്നിച്ചുകൊണ്ടുവരാന്‍ താരപ്രഭ കൊണ്ടുമാത്രം രജനീകാന്തിന് കഴിയുമോ എന്നതും പ്രസക്തമാണ്.

തന്തൈപെരിയാറിന്‍റെ കാലം മുതല്‍ക്ക് സവര്‍ണ, ഹിന്ദുത്വ രാഷ്‌ട്രീയത്തെ തമിഴ്നാട് തള്ളിപ്പറഞ്ഞതാണ്. ദ്രാവിഡകഴകത്തിന്‍റെ വരവ് കോണ്‍ഗ്രസ്സുള്‍പ്പടെയുള്ള ദേശീയപാര്‍ട്ടികളുടെ വേരറുത്തപ്പോള്‍, ബിജെപിയുടെ രാഷ്‌ട്രീയം അവിടെ പച്ചപിടിച്ചതേയില്ല. അവിടേയ്‌ക്കാണ് ആത്മീയരാഷ്‌ട്രീയവുമായുള്ള രജനീകാന്തിന്‍റെ വരവ്. ആര്‍എസ്എസ്സ് സൈദ്ധാന്തികന്‍ ചോ രാമസ്വാമിയെ അനുസ്മരിച്ച് സംസാരിച്ചു തുടങ്ങിയ രജനീകാന്തിന്‍റെ ഇപ്പോഴത്തെ ഉപദേഷ്‌ടാക്കളില്‍ ഒരാള്‍ ചോയുടെ പിന്‍ഗാമിയും തുഗ്ലക്ക് എഡിറ്ററുമായ ഗുരുമൂര്‍ത്തിയാണ്.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ രജനിയുടെ പിന്തുണയുണ്ടെന്ന് തമിഴ്നാട് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്‌ക്കും താഴെപ്പോയ ബിജെപിയുടെ പരസ്യമോ രഹസ്യമോ ആയ പിന്തുണയോടെ രജനിയ്‌ക്ക് തമിഴ്നാട്ടില്‍ പിടിച്ചുനില്‍ക്കാനാകുമോ എന്നത് സംശയമാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. രാഷ്‌ട്രീയക്കാരനായ രജനിയ്‌ക്ക് ഇനി പല വിഷയങ്ങളിലും നിലപാട് പറഞ്ഞേ തീരൂ.

കൃത്യമായ ഒരു രാഷ്‌ട്രീയപ്രത്യയശാസ്‌ത്രം പറയാതെ ആരാധകരെ സംഘടിപ്പിയ്‌ക്കാനാണ് രജനിയുടെ നീക്കം.
ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്‌ട്രീയശൂന്യതയില്‍ തനി വഴി വെട്ടിപ്പിടിയ്‌ക്കാന്‍ രജനിയ്‌ക്ക് കഴിയുമോ എന്നത് കാലം തെളിയിയ്‌ക്കും.

click me!