ആദ്യം തത്കാല്‍ ബുക്ക് ചെയ്യൂ, പണം പിന്നീട് മതി; പുതിയ പദ്ധതിയുമായി ഐആര്‍സിടിസി

By Web DeskFirst Published Sep 12, 2017, 10:10 AM IST
Highlights

ദില്ലി: പെട്ടന്നുള്ള ദീര്‍ഘദൂര യാത്രകളില്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തുണയാകുന്നത് റെയില്‍വേയുടെ 'തത്ക്കാല്‍' ടിക്കറ്റുകളാണ്. വളരെ നേരത്തെ റിസര്‍വേഷന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രയുടെ തലേദിവസം തത്ക്കാല്‍ ടിക്കറ്റുകളിലൂടെ സീറ്റും ബെര്‍ത്തും ഉറപ്പാക്കി യാത്ര ആരംഭിക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ മെച്ചം. ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഐആര്‍സിടിസി സിയിലൂടെ ദിവസവും 1,30,000 തത്ക്കാല്‍ ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. തത്കാല്‍ ക്വാട്ടയില്‍ എ സി ക്ലാസിലേക്ക് രാവിലെ 10 മണിക്കും നോണ്‍ എസി ക്ലാസിലേക്ക് രാവിലെ 11 നും ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ്ങ് മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

ഇത്തരത്തില്‍ പെട്ടന്നുള്ള യാത്രകളിലേര്‍പ്പെടുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടാറ് ഓണ്‍ലൈന്‍ വഴി തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാണ്. ഐആര്‍സിടിസി വെബ്സൈറ്റില്‍ കയറി പേരും മറ്റ് വിവരങ്ങളും നല്‍കിയശേഷം പണം അടയ്ക്കാനുള്ള പേയ്മെന്റ് ഗേറ്റ്‌വേയിലെത്തുമ്പോഴേക്കും ടിക്കറ്റ് വിറ്റു തീര്‍ന്നിട്ടുണ്ടാവും. പലപ്പോഴും പേയ്‌മെന്റ് ഗേറ്റ്‌‌വേയിലെത്തുമ്പോള്‍ സൈറ്റ് സ്ലോ ആവുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഐര്‍സിടിസി പുതിയ സംവിധാനം നടപ്പാക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍തന്നെ പണം അടയ്ക്കേണ്ടതില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പേ ലേറ്റര്‍ എന്നും പേ ഓണ്‍ ഡെലിവറി എന്നും രണ്ട്  ഓപ്ഷനുകള്‍ ഇലിമുതല്‍ ലഭ്യമാവും. ടിക്കറ്റ് ആദ്യം ബുക്ക് ചെയ്തശേഷം പണം പിന്നീട് അടച്ചാല്‍ മതിയെന്ന് ചുരുക്കം.

ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ഇ പേലേറ്റര്‍ ക്ലിക്ക് ചെയ്താല്‍  ഇമെയിലായോ എസ് എം എസായോ നിങ്ങള്‍ക്ക്  പണമടക്കാനുള്ള ലിങ്ക് ലഭിക്കും. അതിനുമുമ്പായ് ഇ പേ ലേറ്ററില്‍ രജിസ്റ്റര്‍ ചെയ്യണം. 14 ദിവസത്തിനുള്ളില്‍ പണം അടച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ട്. എന്നാല്‍ പേ ലേറ്റര്‍ സംവിധാനം ഉപയോഗിക്കുമ്പോള്‍ ടിക്കറ്റ് നിരക്കിന്റെ 3.5 ശതമാനം അധികം തുകയും മറ്റ് നികുതികളും അധികമായി നല്‍കേണ്ടിവരും.

click me!