എന്‍ഡിഎയില്‍ പുതിയ പ്രതിസന്ധി: മുന്നണി വിടുമെന്ന് ചന്ദ്രബാബു നായിഡു

Published : Jan 29, 2018, 10:26 PM ISTUpdated : Oct 05, 2018, 02:38 AM IST
എന്‍ഡിഎയില്‍ പുതിയ പ്രതിസന്ധി: മുന്നണി വിടുമെന്ന് ചന്ദ്രബാബു നായിഡു

Synopsis

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ നടക്കുന്ന അടുത്ത ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎയിലെ മറ്റൊരു ഘടകക്ഷി കൂടി ബിജെപിയോട് ഇടയുന്നു. തെലുങ്കുദേശം പാര്‍ട്ടിയാണ് ഇപ്പോള്‍ മുന്നണി വിടുമെന്ന ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് നിയമസഭയ്ക്കിടെ ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ഇത്ര കടുത്ത നിലപാടിലേക്ക് തെലുങ്കുദേശം പാര്‍ട്ടിയേയും ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനേയും നയിച്ചത്. 

സുഹൃത്തിനോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ എന്തെങ്കിലും കളങ്കം ചാര്‍ത്താന്‍ എനിക്ക് ആഗ്രഹമില്ല. പക്ഷേ അവര്‍ക്ക് (ബിജെപിക്ക്) ഈ സംഖ്യം ആവശ്യമില്ലെങ്കില്‍ നമ്മുക്ക് നമസ്‌കാരം പറഞ്ഞ് പരിപാടി അവസാനിപ്പിക്കാം. ഞാന്‍ എന്റെ ആളുകളെ പരമാവധി നിയന്ത്രിച്ചു നിര്‍ത്തുന്നുണ്ട്. ഇനിയും ഞാന്‍ അത് ചെയ്യും. പക്ഷേ നിലവിലെ സ്ഥിതഗതികളെക്കുറിച്ച് ബിജെപി നേതൃത്വം പരിശോധന നടത്തണം- ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറയുന്നു. 

കേന്ദ്രഫണ്ട് ചിലവഴിക്കുന്ന കാര്യത്തിലെ അഭിപ്രായഭിന്നതയെ ചൊല്ലിയാണ് ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നത്. കഴിഞ്ഞ കുറച്ചു കാലമായി ടിഡിപിക്കും ബിജെപിക്കുമിടയില്‍ നിലനിന്ന അഭിപ്രായഭിന്നതകളുടെ അനന്തരഫലമാണ് പുതിയ പൊട്ടിത്തെറികള്‍ എന്നാണ് പുറത്തു വരുന്ന വിവരം. 

ആന്ധ്രയില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ടിഡിപി തടസ്സം നില്‍ക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികാരം. കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതും  ടിഡിപി- ബിജെപി ബന്ധം ഉലയാന്‍ കാരണമായി. ഇരുപാര്‍ട്ടികളുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചിരുന്ന വെങ്കയ്യ നായിഡുവിന്റെ അസാന്നിധ്യത്തോടെ ഇരുപാര്‍ട്ടികളേയും ഏകോപിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് സമയബന്ധിതമായി ഫണ്ടുകള്‍ ലഭിച്ചിരുന്നത് നായിഡുവിന്റെ ഇടപെടല്‍ മൂലമായിരുന്നു. 

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലെ ഏറ്റവും സീനിയര്‍ മെംബര്‍മാരാണ് ശിവസേനയും ടിഡിപിയും. 2014-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പിന്തുണ ഉറപ്പാക്കിയ നേതാക്കളിലൊരാളാണ് ചന്ദ്രബാബു നായിഡു. ശിവസേനയ്ക്ക് പിന്നാലെ പ്രമുഖ സംസ്ഥാനമായ ആന്ധ്രയിലും സഖ്യകക്ഷിയുമായി ഇടയുന്ന സാഹചര്യം ബിജെപി കേന്ദ്രനേത്യത്വം ഇടപെട്ട് ഒഴിവാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. 

ജെഡിയുവിനെ എന്‍ഡിഎയിലെത്തിച്ച് ശിവസേന ഉയര്‍ത്തിയ വെല്ലുവിളിയെ ബിജെപി ശക്തമായി നേരിട്ടിരുന്നു. അതേസമയം ഇത്രകാലം കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ആടിക്കളിച്ചിരുന്ന എന്‍സിപി ഇന്ന് മുംബൈയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന മഹാറാലിയില്‍ പങ്കെടുക്കുകയും, പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് രാഷ്ട്രീയവൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് കരുത്തു പകരുന്നതാണ് എന്‍സിപിയുടെ പുതിയ നിലപാടുകള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും