
വെസ്റ്റ് ഗോദാവരി: പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എംഎല്‍എ. വെള്ളിയാഴ്ച രാത്രി ആന്ധാപ്രദേശിൽ വെസ്റ്റ് ഗോദാവരി ജില്ലയിലെ പലാകോലെയിലായിരുന്നു സംഭവം. തെലുങ്ക്ദേശം പാർട്ടി എംഎൽഎ നിമ്മല രാമ നായിഡുവാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ഇദ്ദേഹം ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കിടന്നു.
അദ്ദേഹം രാവിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്മശാന ജോലികൾ നിരീക്ഷിക്കാൻ വൈകുന്നേരം തിരികെ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടാണ് പോയത്. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവിടെത്തന്നെ അന്തിയുറങ്ങാനാണ് കക്ഷിയുടെ പരിപാടി. " വരുന്ന രണ്ടു മൂന്നു ദിവസം ഇവിടെത്തന്നെയാവും ഉറക്കം. തൊഴിലാളികൾക്ക് ധൈര്യം പകരാൻ ഇതിലൂടെ സാധിക്കും. അതല്ലെങ്കിൽ പേടിച്ച് അവർ ശ്മശാനത്തിലേക്ക് പ്രവേശിക്കില്ല'- നിമ്മല രാമ പറഞ്ഞു.
നിമ്മല രാമയുടെ മണ്ഡലത്തിലെ ശ്മശാനത്തിന്റെ പുനരുദ്ധാരണ പണികൾക്കായി ഒരു വർഷം മുമ്പ് മൂന്നു കോടി രൂപ അനുവദിച്ചിരുന്നതാണ്. എന്നാൽ നടപടികൾ മുന്നോട്ടു നീങ്ങിയല്ല. ശ്മശാനത്തിൽ എല്ലാ ദിവസവും മൃതദേഹങ്ങൾ സംസ്കരിക്കാനെത്തും. പകുതിവെന്ത മൃതദേഹാവശിഷ്ടങ്ങൾ പലതും കുഴിച്ചിടുകയാണ് ചെയ്യുന്നത്. ശരിയായി സംസ്കാരം നടക്കാത്തതിനാൽ ആത്മാക്കൾ തങ്ങളെ ഉപദ്രവിച്ചേക്കുമെന്ന പേടിയിലാണ് തൊഴിലാളികൾ ശ്മശാന പണിക്ക് എത്താതിരുന്നത്. ആത്മാക്കളില്ലെന്നും പേടിക്കേണ്ടതില്ലെന്നും തൊഴിലാളികളെ ബോധ്യപ്പെടുത്താനായിരുന്നു എംഎൽഎയുടെ ചുടലപ്പുരയിലെ അന്തിയുറക്കം.
എംഎൽഎയുടെ വേറിട്ട ദൗത്യം ഫലം കണ്ടിരിക്കുകയാണ്. രാത്രി മുഴുവനും ശ്മശാനത്തിൽ ഉറങ്ങിയതോടെ തൊഴിലാളികൾ പണി ചെയ്യാൻ തയാറായി മുന്നോട്ടുവന്നുതുടങ്ങിയതായി നിമ്മല രാമ പറഞ്ഞു. ശനിയാഴ്ച 50 തൊഴിലാളികളാണ് എത്തിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ എത്തിത്തുടങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ചുടലപ്പറമ്പിലെ അന്തിയുറക്കം എംഎൽഎയ്ക്കു അത്ര സുഖകരമല്ലായിരുന്നു എന്നതാണ് സത്യം.
ചില ഉപദ്രവങ്ങൾ അദ്ദേഹം നേരിട്ടു. രാത്രിയിൽ പലപ്പോഴും എണീറ്റിരിക്കേണ്ടിവന്നു. അടുത്ത ദിവസം ഈ ഉപദ്രവങ്ങളെ മറികടക്കാൻ അദ്ദേഹം വഴി കണ്ടിട്ടുണ്ട്. നല്ലയൊന്നാന്തരം കൊതുകുവലയുമായാണ് ഞായറാഴ്ച രാത്രിയിൽ നിമ്മല രാമ ശ്മശാനത്തിൽ എത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam