
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് കൂടുതൽ ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടെക്കികളുടെ പ്രതിഷേധം. പ്രതിധ്വനി എന്ന പേരിൽ ടെക്നോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മയും റെയിൽവെ സ്റ്റേഷൻ മാര്‍ച്ചും നടന്നത്.
സംഘടിതരല്ലെന്ന് പൊതുവെ പറയുമെങ്കിലും ചരിത്രപരമായ ഈ പ്രതിഷേധത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം യാത്രാക്ലേശം തന്നെ. ട്രെയിൻ കയറണമെങ്കിൽ കഴക്കൂട്ടത്ത് നിന്ന് വണ്ടി പിടിച്ച് തിരുവനന്തപുരത്ത് വരണം. വഞ്ചിനാടും മലബാറും ഒരു പാസഞ്ചറും മാത്രമാണ് ഓഫീസ് വിടുന്ന സമയത്ത് കഴക്കൂട്ടത്ത് നിര്‍ത്തുന്നത്. ആലപ്പുഴ വഴി പോകുന്ന ഒരു ട്രെയിനിന് പോലും സ്റ്റോപ്പില്ല. നാഗര്‍കോവിൽ റൂട്ടിലെ സ്ഥിരം യാത്രക്കാര്‍ക്ക് ജയന്തി ജനതയ്ക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പനുവദിച്ചാൽ ഉപയോഗപ്പെടും. പക്ഷെ ആരു കേൾക്കാൻ ...
യാത്രാ ക്ലേശത്തിന്റെ കഥപറഞ്ഞ് 2014 ൽ ലിബറേറ്റര്‍ എന്ന പേരിൽ ഷോട്ട് ഫിലിമിറക്കിയിട്ടുണ്ട് ടെക്കി കൂട്ടം. റെയിൽവേ യൂസേഴ്സ് കൗണ്‍സിലിലെത്തി സ്ഥിരമായി പരാതി പറയുന്നു. ഒപ്പ് ശേഖരണമടക്കമുള്ള പ്രതിഷേധ പരിപാടികൾക്കും കുറവില്ല. ഒന്നും രണ്ടും പേരല്ല ടെക്നോപാര്‍ക്കിൽ മാത്രം അരലക്ഷം പേരുണ്ടാകും അണിനിരക്കാൻ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പ്രതിഷേധക്കൂട്ടായ്മ പിരിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam