പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് മാനസികരോഗാശുപത്രിയിലടച്ചു

By Web DeskFirst Published May 28, 2016, 2:07 PM IST
Highlights

കോഴിക്കോട് ചെറൂപ്പ സ്വദേശിയായ  ദളിത്  പെൺകുട്ടിയെയാണ് കൊച്ചി സ്വദേശിയായ ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ കോഴിക്കോട് കുതിരവട്ടം മാനസികാരേഗ്യകേന്ദ്രത്തിൽ അടച്ചിരുന്നത്. രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്‍റെ പേരിൽ  മർദ്ദനം പതിവായപ്പോൾ മെയ് ഏഴിന് രാത്രിയിൽ വീട്ടിൽനിന്നും ഒളിച്ചോടി മാവൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയ പെണ്‍കുട്ടിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോൾ കുട്ടിക്ക് മാനസികരോഗമുണ്ടെന്ന് രക്ഷിതാക്കള്‍‍ ആരോപിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ മാനസികനില വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാൻ കോടതി നിര്‍ദ്ദേശിച്ചത് പിടിവള്ളിയാക്കിയ രക്ഷിതാക്കള്‍ മഹിളാ മന്ദിരം അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയ കുതിരവട്ടത്ത്  കടുത്ത മാനസികവിഭ്രാന്തിയുളളവരെ മാത്രം പ്രവേശിപ്പിക്കുന്ന അഞ്ചാം വാര്‍ഡിലടക്കുകയായിരുന്നു.  ഈ വാര്‍ഡില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബന്ധുവെന്ന വ്യാജേന ‍ഏഷ്യാനെറ്റ് ന്യൂസ് സംഘം ആശുപത്രിയിലെത്തി കണ്ടു.

കുതിരവട്ടത്തെ ‍ഡോക്ടർമാരും ജീവനക്കാരും, താൻ പ്രണയത്തിൽ നിന്ന് പിന്തിരിഞ്ഞാലേ കുഴപ്പമൊന്നുമില്ലെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കു എന്ന് ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറഞ്ഞു. ആശുപത്രിയിലെ ഒരു ജീവനക്കാരി പെണ്‍കുട്ടിക്ക് ഇത്തരമൊരു ഉപദേശം നല്‍കുന്നതും ഞങ്ങള്‍ കേട്ടു. കോടതി നിരീക്ഷണത്തിനയച്ച പെണ്‍കുട്ടിയെ കടുത്ത മാനസികവിഭ്രാന്തിയുള്ളവര്‍ക്കൊപ്പം പാര്‍പ്പിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. ഇതേക്കുറിച്ച ആശുപത്രി സുപ്രണ്ടിനോട് അന്വേഷിച്ചപ്പോള്‍  സൂപ്രണ്ട് ഒഴിഞ്ഞ് മാറി. പിന്നീട് നടപടി ഭയന്ന് മണിക്കൂറുകൾക്കകം പെൺകുട്ടിയെ കോടതിയുടെ അനുമതി പോലുമില്ലാതെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

പ്ര്രണയിച്ചതിന്റെ പേരിലാണ്  ഒരു 18കാരി പെണ്‍കുട്ടിയെ ഇത്തരത്തില്‍ യാതൊരു ദയയുമില്ലാതെ  മാനസികരോഗാശുപത്രിയിലടച്ചത്. പെണ്‍കുട്ടിയെ പ്രണയവിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള  വഴിവിട്ട നീക്കത്തിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയുടെ ചുമതലയുള്ളവരും കൂട്ട്
നില്‍ക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

click me!