ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം പലതവണ സമയം മാറ്റിയതിന് ശേഷം റദ്ദാക്കി. പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പോകേണ്ടവർ ഉൾപ്പെടെ നൂറ്റമ്പതോളം യാത്രക്കാർ ഇതോടെ ദുരിതത്തിലായി. 

ദില്ലി : യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്‌. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു പകൽ മുഴുവൻ യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കി, ഒടുവിൽ റദ്ദാക്കി. വിമാനം ഇനി നാളെയാണ് പുറപ്പെടുക. പിതാവിന്റെ മരണത്തെത്തുടർന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവരുൾപ്പടെയാണ് വിമാനത്തിലുള്ളത്. 

ഇന്ന് രാവിലെ 06.05 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനം മറ്റൊരിടത്ത് ഇറക്കി. ശേഷം രാവിലെ പത്തരയ്ക്ക് പോകുമെന്നറിയിച്ച് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി. മൂന്ന് മണിക്കൂർ വിമാനത്തിൽ ഇരുത്തിയ ശേഷം വീണ്ടും ഇറക്കി. വിമാനം റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ 150ഓളം വരുന്ന യാത്രക്കാർ പ്രതിഷേധിച്ചു. 

പിന്നീട് വൈകിട്ട് 4.30 ന് വിമാനം യാത്രതിരിക്കുമെന്ന് അറിയിപ്പ് വന്നു. ഇതിനും ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി, നാളെ പുറപ്പെടുമെന്നറിയിച്ചത്. അടിയന്തര ആവശ്യങ്ങൾക്ക് പുറപ്പെട്ടവരുടെയെല്ലാം യാത്ര മുടങ്ങി. പുതിയ പരിഷ്കാരങ്ങൾ അനവദി നടപ്പാക്കിയിട്ടും യാത്രകൾ മുടങ്ങുന്ന അടിയന്തര ഘട്ടങ്ങളിൽ യാത്രാക്കാർക്കൊപ്പം നിൽക്കുന്നതിലും പകരം സംവിധാനം ഒരുക്കുന്നതിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ പിഴവുകൾ തുടരുകയാണ്.