പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

By Web TeamFirst Published Jan 13, 2019, 8:34 AM IST
Highlights

എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കത്തിന് താത്കാലിക പരിഹാരം. ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താം. തീരുമാനം ആർഡിഒ നടത്തിയ ചർച്ചയിൽ. യാക്കോബായ സഭാ അധ്യക്ഷൻ ഉപവാസം അവസാനിപ്പിച്ചു.

കൊച്ചി: എറണാകുളം പഴന്തോട്ടം പള്ളിയിൽ യാക്കോബായ ഓർത്തഡോക്സ് തർക്കത്തിന് താത്കാലിക പരിഹാരം. ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താൻ ആർഡിഒ നടത്തിയ ചർച്ചയിൽ തീരുമാനമായി. തീരുമാനത്തെ തുടര്‍ന്ന് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു.

യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി മുൻ നിർത്തിയാണ് ഓർത്തഡോക്സ് വിഭാഗം ഇന്നലെ രാവിലെ പൂട്ട് പൊളിച്ച് കയറിയത്. ഓർത്തഡോക്സ് വികാരി മത്തായി ഇടനാലിന്റെ നേതൃത്വത്തിൽ ഇവർ പള്ളിയിൽ പ്രർത്ഥനയും നടത്തി. തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്ക്കാര ശുശ്രുഷകൾക്കായി പള്ളിയിൽ കയറ്റാൻ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. 

ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് മരിച്ചയാളിന്റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. എന്നാൽ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ് ആളുകൾ പുറത്തെത്തിയതോടെയാണ് യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പള്ളിക്ക് മുന്നി‌ൽ ഉപവാസം ആരംഭിക്കുകയായിരുന്നു. പള്ളിക്കുള്ളിലുള്ള ഓർത്തഡോക്സ് വിഭാഗത്തെ പുറത്തിറക്കണമെന്നാവശ്യപ്പെട്ടായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഉപവാസം. എന്നാൽ അവകാശപ്പെട്ട പള്ളിയിൽ നിന്നും ഇറങ്ങില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. 

click me!