നഗ്രോത ഭീകരാക്രമണം: 7 ജവാന്മാര്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Nov 29, 2016, 2:01 PM IST
Highlights

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ജമ്മുവിൽ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളം ഭീകരര്‍ ആക്രമിച്ചത്. ഉറി ഭീകരാക്രമണ മാതൃകയിൽ സൈനിക വേഷത്തിലെത്തിയവര്‍ സൈനിക താവളത്തിലെ ആയുധപ്പുര കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്.  

സൈനിക താവളത്തിനുനേരെ ഭീകരര്‍ ഗ്രനേഡാക്രമണവും വെടിവയ്പ്പും നടത്തി. അര്‍ദ്ധ സൈനിക വിഭാഗവും അതിര്‍ത്തി രക്ഷാ സേനയോടൊപ്പം തീവ്രവാദികളെ നേരിട്ടു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപ്രതീക്ഷിത ആക്രമണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം ഏഴു ജവാന്മാര്‍ കൊല്ലപ്പെട്ടത്.

സ്കൂളുകളും ജമ്മു ശ്രീനഗര്‍ ദേശീയപാതയും അടച്ചു. രണ്ടാഴ്ചയ്ക്കിടെ ജമ്മുകശ്മീരിൽ നടക്കുന്ന ഏഴാമത്തെ ഭീകരാക്രമണമാണ് ഇത്. അതിനിടെ സാംബ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. സാംബയിൽ സൈനിക നടപടി അവസാനിച്ചു.

ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികൾ കരസേനാ മേധാവി ദൽബീര്‍ സിംഗ് സുഹാഗ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ അറിയിച്ചു. മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിവരങ്ങൾ അറിയിച്ചു. അതിനിടെ പാകിസ്ഥാനിൽ പുതിയ സേനാ മേധാവിയായി ഖമര്‍ ജാവേദ് ബജ്‍വ ചുമതലയേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

terror attacks in Jammu-Kashmir after surgical strikes


 

click me!