
ഇന്നലെ രാത്രി 12 മണിയോടെ മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുന്‍റെ ഒർമ്മകളില്‍ നടുക്കം മാറാതെ എം ബി രാജേഷ് എം പി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ആർഎസ്എസിന്‍റെയും എസ്ഡിപിഐയുടെയും കത്തിമുനകള്‍ എസ്.എഫ്.ഐക്കാരുടെ കഴുത്തുകൾ ലക്ഷ്യമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്.
എസ് ഡി പി ഐ കുത്തിക്കൊന്ന അഭിമന്യുവിന്‍റെയും ആർ എസ് എസുകാർ വെട്ടിക്കൊന്ന സുധീഷിന്‍റെയും അവസാന നിമിഷങ്ങളെ വൈകാരികമായി വിശദീകരിക്കുന്ന പോസ്റ്റിലാണ് എം ബി രാജേഷ് എസ് എഫ് ഐയ്ക്ക് നേരെ ഉയരുന്ന ഭീഷണിയേക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത്.
" ആർ എസ് എസ് - എ ബി വി പി ആയാലും എൻ ഡി എഫ് - ക്യാംപസ് ഫ്രണ്ടായാലും കഠാരകൾ രാകിമിനുക്കി മൂർച്ച കൂട്ടുന്നത് എസ് എഫ് ഐ പ്രവർത്തകരുടെയും പുരോഗമനവാദികളുടെയും കഴുത്തുകൾ ലക്ഷ്യമാക്കിയാണ്. അവർക്കിരുകൂട്ടർക്കും ശത്രു ഒന്നാണ്. എസ് എഫ് ഐ ഉൾപ്പെടെയുള്ള പുരോഗമന ശക്തികളെ ആക്രമിക്കുന്നതിൽ ഇരുവരും ഒരേ തൂവൽ പക്ഷികൾ. " - എം ബി രാജേഷ് എം പി എഴുതുന്നു.
കേരളത്തിലെ ക്യാംപസുകളില്‍ വർഗ്ഗീയത നിറയ്ക്കാന്‍ കഴിയാത്തതിന്‍റെ അരിശമാണ് ഈ തീവ്രവാദികള്‍ എസ് എഫ് ഐയുടെ നേരെ തീർക്കുന്നത്. ക്യാംപസുകളില്‍ വർഗ്ഗീയത നിറയ്ക്കാന്‍ അവർക്ക് കഴിയാതെ പോകുന്നത് കേരളത്തിലെ കലാലയ ഹൃദയങ്ങളില്‍ രക്തതാരകം ആലേഖനം ചെയ്ത ഒരു ശുഭ്രപതാക പതിഞ്ഞ് കിടക്കുന്നത് കൊണ്ടാണെന്നും എം പി അവകാശപ്പെടുന്നു.
മത-തീവ്രവാദങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്ര വേരുകൾ പിഴുതെടുത്ത് ഇവർക്കെതിരെ പ്രത്യയശാസ്ത്രപരവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ബഹുമുഖ സമരം തീക്ഷ്ണമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രായോഗികമായ ചെറുത്തു നിൽപ്പുകള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം ഇരു ശക്തികളുടെയും തീവ്രവാദ പ്രവർത്തനങ്ങളെ പൊലീസ് ഒരു ദാക്ഷിണ്യവുമില്ലാതെ തന്നെ നേരിടണമെന്നും ആവശ്യപ്പെടുന്നു. അഭിമന്യുവിനെ പോലുള്ളവരുടെ ജീവത്യാഗത്തിന് നീതി ലഭിക്കാന്‍ കൂടുതല്‍ വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായി കൂടുതൽ അണിനിരത്തണമെന്നും എം ബി രാജേഷ് എം പി ആവശ്യപ്പെടുന്നു.
വൈകാരികമായി ആരംഭിക്കുന്ന പോസ്റ്റില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്‍റെയും സുധീഷിന്‍റെയും അവസാന നിമിഷങ്ങള്‍ വിവരിക്കുന്നുണ്ട്. തീവ്രവാദ ശക്തികള്‍ എസ് എഫ് ഐയുടെ ശുഭ്രപതാകയില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ പേരെ അണിനിരത്തണമെന്നും ആഹ്വാനം ചെയ്യുന്നു. എന്നാല്‍ എസ് എഫ് ഐയും സി പി എമ്മും കേരളത്തിലെ ക്യാംപസുകളില്‍ നടത്തിയ അക്രമ - കൊലപാതകങ്ങളെ കുറിച്ച് മൌനം പാലിക്കുന്നു.
എം ബി രാജേഷ് എം പിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
ചോരയിൽ കാൽ വഴുതി വീണ ഒരു 16 കാരന്റെ നടുക്കുന്ന അനുഭവം വായിച്ച് മരവിച്ചിരുന്നത് ഇന്നലെയാണ്. ചലച്ചിത്ര സംവിധായകൻ ദീപേഷിന്റെ അനുഭവത്തെക്കുറിച്ച് ഇന്നലെത്തെ മനോരമ ഞായറാഴ്ച പതിപ്പിൽ സഫീന എഴുതിയ ഫീച്ചർ ശ്വാസമടക്കിയല്ലാതെ വായിച്ചുതീർക്കാനാവുമായിരുന്നില്ല. അതിന്റെ നടുക്കം വിട്ടുമാറും മുമ്പ് മറ്റൊരു എസ്.എഫ്.ഐ. നേതാവിന്റെ ക്രൂരമായ കൊലപാതകത്തിന്റെ വാർത്തയിലേക്കാണ് ഇന്ന് രാവിലെ ഉണർന്നത്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ.ജില്ലാകമ്മിറ്റിയംഗവുമായ സ.അഭിമന്യുവിനെ എൻ.ഡി.എഫ്-ക്യാംപസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയത് ചോരമരവിപ്പിക്കും വിധമാണ്. ഒരാൾ അഭിമന്യുവിന്റെ ഇരുകൈകളും പിന്നിലേക്ക് പിടിച്ച് മറ്റുള്ളവർക്ക് കുത്താൻ പാകത്തിൽ ബന്ധനസ്ഥനാക്കി നിർത്തി. നിസ്സഹായനായി നിൽക്കുന്ന അഭിമന്യുവിന്റെ നെഞ്ചിലേക്ക് മറ്റുള്ളവർ ഒരറപ്പുമില്ലാതെ കഠാര കുത്തിയിറക്കി. ഒരു സംഘർഷമോ പ്രകോപനമോ ഒന്നുമുണ്ടായിരുന്നില്ല. നിശ്ചയിച്ചുറപ്പിച്ച ആസൂത്രിതമായ അരുംകൊല. മഹാരാജാസ് ഹോസ്റ്റലിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചാണ് എൻ.ഡി.എഫ്. തീവ്രവാദികൾ അകത്ത് കയറിയത്. അന്ന് സ.സുധീഷിന്റെ കൊച്ചുവീടിന്റെ ദുർബ്ബലമായ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയാണ് ആർ.എസ്.എസ്.കാർ അരുംകൊല നടത്തിയത്. മുഴുകൊണ്ട് വെട്ടി ഛിന്നഭിന്നമാക്കിയ സുധീഷിന്റെ ശരീരഭാഗങ്ങൾ ഒരു കർട്ടൻ തുണിയിൽ വാരിയിട്ട് ആശുപത്രിയിലേക്ക് ഓടിയ അനുഭവം ദീപേഷ് വിവരിക്കുന്നത് ഒരു ഉൾക്കിടിലത്തോടു കൂടിയല്ലാതെ ആർക്കും വായിച്ചു തീർക്കാനാവില്ല. ദീപേഷിന്റെ അനുഭവം വായിച്ച ഇന്നലെ മുഴുവൻ ഞാൻ ആ ദിവസം ഓർമ്മിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെ പാലക്കാട് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിലെ നിർത്താതെ മണിയടിച്ച ഫോൺ എടുത്തത് ഞാനാണ്. അപ്പുറത്ത് എറണാകുളം ലെനിൻസെന്ററിൽ നിന്ന് സ.പി.രാജീവ്. സ.സുധീഷിന്റെ കൊലപാതക വാർത്ത മുറിയുന്ന ശബ്ദത്തിൽ രാജീവ് അറിയിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയി. പാലക്കാടുനിന്ന് ഞങ്ങൾ എല്ലാവരും കൂടി ഒരു ടാക്‌സിയിൽ കൂത്തുപറമ്പിലേക്ക് തിരിച്ചതും സുധീഷിന്റെ തുന്നിക്കെട്ടിയ ശരീരം അവസാനമായി ഒരു നോക്കു കണ്ടതുമെല്ലാം ഓർക്കുകയായിരുന്നു ഇന്നലെ മുഴുവൻ. പിന്നീട് പലപ്പോഴും സുധീഷിന്റെ വീട്ടിൽ പോയതും ആ അച്ഛന്റെയും അമ്മയുടെയും ദു:ഖഭരിതമായ മുഖങ്ങളുമെല്ലാം ഓർത്തുകൊണ്ടിരുന്നു.
ഒരു ദിനം പിന്നിട്ട് ഇന്ന് പുലർന്നപ്പോൾ എറണാകുളത്ത് നിന്ന് വന്നത് മറ്റൊരു കൊലപാതക വാർത്ത. ഇവിടെയും കുത്തിവീഴ്ത്തപ്പെട്ടത് എസ്.എഫ്.ഐ.യുടെ നേതാവ്. കൊലയാളികളുടെ ലേബൽ മാത്രമേ മാറുന്നുള്ളൂ. ഇര അന്നുമിന്നും എസ്.എഫ്.ഐ. തന്നെ. ആർ.എസ്.എസ്.-എ.ബി.വി.പി.ആയാലും എൻ.ഡി.എഫ്.-ക്യാംപസ് ഫ്രണ്ടായാലും കഠാരകൾ രാകിമിനുക്കി മൂർച്ച കൂട്ടുന്നത് എസ്.എഫ്.ഐ.പ്രവർത്തകരുടെയും പുരോഗമനവാദികളുടെയും കഴുത്തുകൾ ലക്ഷ്യമാക്കിയാണ്. അവർക്കിരുകൂട്ടർക്കും ശത്രു ഒന്നാണ്. എസ്.എഫ്.ഐ.ഉൾപ്പെടെയുള്ള പുരോഗമന ശക്തികളെ ആക്രമിക്കുന്നതിൽ ഇരുവരും ഒരേ തൂവൽ പക്ഷികൾ. ഏതാനും ദിവസൾക്കു മുമ്പാണ് തൃശ്ശൂരിലെ കോളേജിൽ പരിസ്ഥിതി ദിനത്തിൽ തൈ നടാൻ ശ്രമിച്ച എസ്.എഫ്.ഐ.നേതാവായ സരിതയെ ആർ.എസ്.എസ്-എ.ബി.വി.പി. ക്രിമിനലുകൾ ആക്രമിച്ചത്. കേരളത്തിലെ ക്യാംപസുകൾ വർഗീയമായി പകുത്തെടുക്കാൻ കഴിയാത്തതിന്റെ അരിശമാണ് ഈ തീവ്രവാദ സംഘടനകൾ എസ്.എഫ്.ഐ.യോട് തീർക്കുന്നത്. ക്യാംപസുകളിലെക്ക് നുഴഞ്ഞുകയറാനും അവയെ തീവ്രവാദത്തിന്റെ റിക്രൂട്ടിങ് കേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള ഈ കുടിലശക്തികളുടെ ശ്രമം വിജയിക്കാതെ പോകുന്നത് കേരളീയ കലാലയങ്ങളുടെ ഹൃദയത്തിൽ രക്തതാരകം ആലേഖനം ചെയ്ത ഒരു ശുഭ്രപതാക പതിഞ്ഞു കിടക്കുന്നതു കൊണ്ടാണ്. ആ പ്രതിരോധമാണ് കുത്തിപിളർക്കാൻ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിൽ സംഘപരിവാർ ചെയ്യുന്നതിൽ നിന്ന് ഏറെ വ്യത്യാസമൊന്നുമില്ല ഇവിടെ ഈ തീവ്രവാദ സംഘടനകൾ ചെയ്യാൻ ശ്രമിക്കുന്നതിന്. തീവ്രവാദ ശക്തികൾ തമ്മിലുള്ള ഈ പാരസ്പര്യം സംഘപരിവാരവും എൻ.ഡി.എഫ്.-എസ്.ഡി.പി.ഐ. എന്നിവയും തമ്മിൽ കാണാം. ഈ മത-തീവ്രവാദങ്ങളുടെ വിഷലിപ്തമായ പ്രത്യയശാസ്ത്ര വേരുകൾ പിഴുതെടുക്കണം. ഇവർക്കെതിരെ പ്രത്യയശാസ്ത്രപരവും സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ബഹുമുഖ സമരം തീക്ഷ്ണമാക്കണം. ഒപ്പം പ്രായോഗികമായ ചെറുത്തു നിൽപ്പും സംഘടിപ്പിക്കണം. ഇരു ശക്തികളുടെയും തീവ്രവാദ പ്രവർത്തനങ്ങളെ പൊലീസ് ഒരു ദാക്ഷിണ്യവുമില്ലാതെ തന്നെ നേരിടണം. വിദ്യാർത്ഥികളെയും ബഹുജനങ്ങളെയും വർഗീയതക്കും തീവ്രവാദത്തിനുമെതിരായി കൂടുതൽ അണിനിരത്തുന്നതിലൂടെയാണ് അഭിമന്യുവിനെ പോലെയുള്ളവരുടെ ജീവത്യാഗത്തോട് നമുക്ക് നീതി ചെയ്യാനാവുക. ചോരവീണ ഓർമ്മകളിൽ നിന്ന് സ.അഭിമന്യുവിന് ലാൽസലാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam