തങ്കമണിയുടേത് ആടുജീവിതമല്ല; ആടാണ് ജീവിതം

By Web DeskFirst Published Jul 31, 2017, 12:13 AM IST
Highlights

തൃശൂര്‍: തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ തങ്കമണി(62)ക്ക് വീട് എന്നത് സ്വപ്നം മാത്രമാണ്.സംരക്ഷിക്കാന്‍ ആരുമില്ലാത്തെ ഈ ദരിദ്ര വൃദ്ധയുടെ ജീവിതം ആടുകള്‍ക്കൊപ്പമാണ്. പാറു, മണിക്കുട്ടന്‍,അമ്മിണി. തങ്കമണിയുടെ ചിന്തയിലും നാവിലും ഈ പേരുകള്‍ വിട്ടുമാറില്ല. ഏഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം ഈ ഏഴ് ആടുകള്‍ മാത്രമാണ് കൂട്ട്.

കുട്ടികളില്ലാത്ത തങ്കമണി ആടുകള്‍ക്കൊപ്പമാണ് താമസം.അപകടത്തില്‍ പെട്ട് കാല്‍പാദത്തിന്റെ സ്വാധീനം നഷ്‌ടപ്പെട്ടതിനാല്‍ പണിക്കു പോകാനാകില്ല.അയല്‍വീടുകളില്‍ നിന്ന് കിട്ടുന്ന ക‌ഞ്ഞിവെള്ളം ആടുകള്‍ക്ക് കൊടുത്ത് അടിയിലുളള വറ്റ് തങ്കമണി കഴിക്കും. പുല്ലും ആട്ടിൻകാഷ്ഠവും നിറഞ്ഞ വീട്ടിൽ മിണ്ടാനും പറയാനും ആകെയുള്ളത് ഏഴ് ആടുകൾ മാത്രം. ഉണ്ണാനും ഉടുക്കാനുമൊന്നുമില്ലെങ്കിലും തങ്കമണി ആടുകളെ വിൽക്കില്ല, കറന്നു പാലെടുക്കുകയുമില്ല. എന്താണ് കാരണമെന്നു ചോദിച്ചാൽ പറയും, ‘മക്കളെപ്പോലെയാ, നോവിക്കാനൊക്കില്ല.

സഹോദരി നൽകിയ ഒരാട് മാത്രമായിരുന്നു ആദ്യം കൂട്ട്. ആടു പെറ്റുപെരുകി ഏഴെണ്ണമായി. ചെറിയ കൂരയോടു ചേർത്ത് ആടുകൾക്കായി തൊഴുത്തു പണിതിട്ടുണ്ടെങ്കിലും ഇവരോടൊപ്പം ഒന്നിച്ചുണ്ടും ഒരുപായിലുറങ്ങിയുമാണ് തങ്കമണിയുടെ ജീവിതം. ശുചിമുറിയില്ല, വൈദ്യുതിയില്ല. ആകെയുളള രണ്ടേകാല്‍ സെന്റിന് കൈവശാവകാശ രേഖയില്ലാത്തതിനാല്‍ വീട് വെക്കാനുമാകില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാര്‍ കണക്കുകളില്‍ ദാരിദ്രരേഖയ്‌ക്കു മുകളിലാണ് തങ്കമണിയുടെ സ്ഥാനം. 

click me!