തേനീച്ച പരാഗണ ഗവേഷണ ഗുണനിലവാര കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നുവെന്ന്

Web Desk |  
Published : Jun 17, 2018, 07:58 PM ISTUpdated : Jun 29, 2018, 04:18 PM IST
തേനീച്ച പരാഗണ ഗവേഷണ ഗുണനിലവാര കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നുവെന്ന്

Synopsis

 രണ്ട് വർഷം മുൻപ് 1000 കിലോയോളം തേനുല്പാദിപ്പിച്ചിരിക്കുന്നിടത്ത് ഈവർഷം 500 കിലോയിൽ താഴെ മാത്രമാണ് തേൻ ലഭിച്ചത്. 

തിരുവനന്തപുരം: ഗുണനിലവാര പരിശോധന കേന്ദ്രം തുറക്കും മുന്നേ വെള്ളായണി കാർഷിക കോളേജിന്‍റെ കീഴിലെ തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രവർത്തനം താളം തെറ്റുന്നുവെന്നു. വെള്ളായണി കാർഷിക കോളേജ് വളപ്പിനുള്ളിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തേൻ ഗുണനിലവാര പരിശോധനാ കേന്ദ്രം നിലവില്‍ വരുന്നത്. തേനിന്‍റെ  ഗുണനിലവാരം, വിഷാംശം എന്നിവ പരിശോധിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് പദ്ധതി നടപ്പാക്കുന്നത്.  എന്നാല്‍ ഇപ്പോൾ ആവശ്യത്തിന് തേൻ ഉൽപ്പാദിപ്പിക്കാന്‍ പറ്റാതെ ഗവേഷണ കേന്ദ്രം, കർഷകരെ ദുരിതത്തിലാക്കുകയാണ്. 300 ലധികം തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 100 ൽ താഴെ കൂടുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായൊള്ളൂ .

ആഹാരമില്ലാതെ തേനീച്ചകൾ  

കോളേജിന് പുറത്ത് രണ്ടു സ്ഥലങ്ങളിലായി വച്ചിരിക്കുന്ന തേനീച്ച കൂടുകളിലെ തേനീച്ചകൾ ഭക്ഷണമില്ലാതെ ചത്തൊടുങ്ങുകയാണ്. ഓരോ അഞ്ച് ദിവസവും ഇടവിട്ട് ഭക്ഷണം നൽകേണ്ട ക്ഷാമകാലത്താണ് പരിചരണം പോലുമില്ലാതെ തേനീച്ചകള്‍ ചത്തൊടുങ്ങുന്നത്.  വിളപ്പിൽശാലയിലും കോട്ടൂർ വനത്തിനുള്ളിലും വച്ചിരിക്കുന്ന കൂടുകളിലെ ഈച്ചകളാണ് ഭക്ഷണമില്ലാതെ ഉറുമ്പരിച്ചും മറ്റും ചത്തുവീഴുന്നത്. ഇവയെ പരിചരിക്കാൻ നാല് താത്ക്കാലിക ജീവനക്കാരുണ്ടെങ്കിലും ഇവർ തേനീച്ച കൂടുകളുള്ള സ്ഥലങ്ങളിലെത്തിയിട്ട് ആഴ്ചകളായെന്ന് പരാതിയുണ്ട്. മെയ് മുതൽ സെപ്റ്റംബർ വരെയാണ് തേനീച്ചകളുടെ ക്ഷാമക്കാലം. ഈ സമയത്ത്  ഇവയ്ക്ക് ഭക്ഷണമായി പഞ്ചസാര ലായനി നല്കാറുണ്ടെങ്കിലും ഇപ്പോൾ ഇവ കൊടുക്കുന്നില്ല.  

ഇറ്റാലിയൻ ഈച്ചകൾക്ക് വംശനാശം 

കാർഷിക കോളേജിന്റെ കീഴിലെ വയലില്‍ 60 ഓളം ഇറ്റാലിയൻ ഈച്ച കോളനികൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അവ രണ്ടായി ചുരുങ്ങി. ഹിമാചൽ പ്രദേശിൽ നിന്നും ഇവിടെ എത്തിച്ച ഇറ്റാലിയൻ ഈച്ചകൾ ഇപ്പോൾ പരിചരണമില്ലാതെ വംശനാശത്തിന്‍റെ വക്കിലാണ്. ഇപ്പോഴുള്ള കൂടുകളിൽ നിന്നും ഇവയെ വിഭജിച്ച് കൂടുതൽ കൂടുകൾ ഉണ്ടാക്കി സംരക്ഷിക്കേണ്ടതാണെന്നും എന്നാൽ ആളില്ലാത്തതിനാൽ ഇവ നശിക്കുകയാണെന്നും അധികൃതർ പറയുന്നു. സാധാരണ ഈച്ചകളിൽ നിന്നും 10 കിലോ തേൻ ലഭിക്കുമ്പോൾ ഇറ്റാലിയൻ ഈച്ചകളിൽ നിന്നും 40 കിലോയോളം ലഭിക്കുമെന്ന് തേനീച്ച കർഷകർ പറഞ്ഞു.  കോട്ടൂർ വനമേഖലയിൽ വച്ചിരുന്ന ചെറു തേനീച്ച കൂടുകളും പരിചരണമില്ലാതെ നശിക്കുകയാണ്.  

തേനുല്പാദനം പകുതിയായി കുറഞ്ഞു

പരിചരണമില്ലാതെ തേനീച്ചകൾ ചത്തതും ആവശ്യത്തിന് കൂടുകൾ സ്ഥാപിക്കാത്തതും കാരണം തേനുല്പാദനം മുന്‍വ‍ഷത്തെക്കാൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞ വർഷം തേൻ ഉത്പാദനം ഇല്ലാതിരുന്നതിനാല്‍ ഗവേഷണകേന്ദ്രത്തിൽ നിന്നും തേൻ വിൽപ്പന നടത്തിയിരുന്നില്ല. ഈവർഷം 500 കിലോയിൽ താഴെ മാത്രമാണ്  തേൻ ലഭിച്ചത്. രണ്ട് വർഷം മുൻപ് 1000 കിലോയോളം തേനുല്പാദിപ്പിച്ചിരിക്കുന്നിടത്താണ് ഈയവസ്ഥ.  2013 ൽ ഏറ്റവും മികച്ച തേനീച്ച ഗവേഷണ കേന്ദ്രത്തിനുള്ള പുരസ്കരം വെള്ളായണിക്ക് ലഭിച്ചിരുന്നു.

കർഷകർക്ക് പരിശീലനമില്ല 

കർഷകർക്ക് രോഗവിമുക്തമായ തേനീച്ച കോളനികളും തേനീച്ച വളർത്തൽ ഉപകരണങ്ങളും നൽകാനായി ഐസിഎആർ അനുവദിച്ചിരുന്ന റിവോള് വിങ് ഫണ്ട് ഇപ്പോൾ നൽകുന്നില്ല. ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ തേനീച്ചയെ വളർത്താനുള്ള സാങ്കേതികവിദ്യ വെള്ളായണിയിൽ വികസിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ കർഷകർക്ക് തേനീച്ച വളർത്തലിനുള്ള പരിശീലനമോ ഉപകരണങ്ങളോ കാർഷിക കോളേജിലെ കേന്ദ്രം നൽകുന്നില്ല.
 
കാർഷിക കോളേജ് വളപ്പിൽ ഇപ്പോൾ നാമമാത്രമായ  ഇന്ത്യൻ തേനീച്ച കോളനികൾ മാത്രമേ ഉള്ളൂവെന്നും ഇവ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും പറയുന്നു. പുതുതായി തുടങ്ങുന്ന തേൻ പരിശോധനാ കേന്ദ്രത്തിൽ സ്വന്തമായി തേൻ ഉൽപ്പാദിപ്പിക്കാതെ  കർഷകരിൽ നിന്നും തേൻ വാങ്ങി പരിശോധിക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്. 2016 -17 ൽ 109 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും 73 ലക്ഷം രൂപ മാത്രമാണ് ചിലവഴിച്ചത്.  2017 -18 ൽ 125 രൂപ വകയിരുത്തിയെങ്കിലും പദ്ധതികളൊന്നും ഇതുവരെ നടപ്പായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
ചൊവ്വന്നൂർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ, എസ്ഡിപിഐ പിന്തുണയിൽ ഭരണം പിടിച്ചു; 25 വർഷത്തിന് ശേഷമുള്ള മാറ്റം