സ്വവർഗ്ഗ രതി; തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍

web desk |  
Published : Jul 12, 2018, 08:57 AM ISTUpdated : Oct 04, 2018, 03:05 PM IST
സ്വവർഗ്ഗ രതി; തീരുമാനം സുപ്രീംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍

Synopsis

ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശം തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : സ്വവർഗരതി കുറ്റകരമാക്കുന്ന ഐപിസി 377 -ാം  വകുപ്പിന്‍റെ നിയമസാധുത സംബന്ധിച്ച് സുപ്രീംകോടതിയ്ക്ക് ഉചിത തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ. സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ‌് സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത‌്. അതേസമയം, ഉഭയസമ്മതപ്രകാരമുള്ള സ്വവർഗബന്ധങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതോടെ രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങൾ അവസാനിച്ചേക്കുമെന്ന് സുപ്രീംകോടതി പ്രത്യാശ പ്രകടിപ്പിച്ചു.

സ്വവർഗ ബന്ധം സദാചാരപരമായി മോശമാണെന്ന തെറ്റിദ്ധാരണ മാറാനും നിയമ സാധുതയ്ക്ക് വഴിയൊരുക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശം തന്നെയാണെന്ന് 37 -ാം വകുപ്പിന്‍റെ നിയമസാധുത പരിശോധിക്കുന്ന ഭരണഘടനാ ബഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ അവകാശം അഗമ്യഗമനം പോലെയുള്ള വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും എഎസ്ജി ആവശ്യപ്പെട്ടു. 

ഏതെങ്കിലും രീതിയിലുള്ള വൈകൃതങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല കോടതിയുടെ ഉദ്ദേശ്യമെന്ന് ഭരണഘടനാ ബഞ്ചിൽ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തിരിച്ചടിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങൾക്ക് പൂർണ അർഥമുണ്ടാകണമെങ്കിൽ തെരഞ്ഞെടുക്കാനുള്ള അവകാശത്തെക്കൂടി അംഗീകരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

ഇത്തരം ബന്ധങ്ങൾക്ക് നിയമസാധുത ലഭിച്ചാൽ വിവേചനങ്ങൾ സ്വാഭാവികമായും അവസാനിക്കും‐ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വിഷയത്തിൽ കോടതിക്ക് ഉചിത തീരുമാനമെടുക്കാമെന്നുള്ള സത്യവാങ‌്മൂലം എഎസ്ജി സമർപ്പിച്ചു. ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിശോധിക്കുന്നുണ്ടെങ്കിൽ വിശദമായ സത്യവാങ‌്മൂലം സമർപ്പിക്കാമെന്നും എഎസ്ജി അറിയിച്ചു. ഐപിസി 377 -ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയതിനെതിരായ ഹർജികളാണ് ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച: ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക്, സമാധാന നിർദ്ദേശങ്ങൾ കൈമാറാൻ ഇറാൻ
കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി