
തൃശൂര്‍: തൃശൂരില്‍ സ്വകാര്യ മേഖലയില്‍ ആലോചിച്ച ആന ആശുപത്രി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിക്കുന്നു. 2020 ജൂണില്‍ യാഥാര്‍ഥ്യമാവുന്ന വിധത്തില്‍ പദ്ധതി തയ്യാറായി. കോട്ടോര്‍ ആന ഗവേഷണ കേന്ദ്രത്തിന്‍റെയും, നിര്‍ദ്ദിഷ്ട പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍റെയും സ്‌പെഷല്‍ ഓഫീസറായി നിയമിച്ച മുന്‍ വനംവകുപ്പ് മേധാവി കെ.എ.വര്‍ഗീസിനാണ് ആന ആശുപത്രി പദ്ധതിയുടെയും സ്‌പെഷല്‍ ഓഫീസര്‍.
ആന ആശുപത്രിയും, 15 ആനകള്‍ക്കുള്ള അഭയ കേന്ദ്രവുമടക്കം ടൂറിസം പദ്ധതിയായിട്ടാണ് ആന ആശുപത്രി പദ്ധതി തയ്യാറായിരിക്കുന്നത്. കിഫ്ബിയിലൂടെ 220 കോടിയാണ് ആന ആശുപത്രിക്ക് വകയിരുത്തിയിരിക്കുന്നത്. ആനകളുടെയും, പൂരങ്ങളുടെയും നാടെന്ന വിശേഷണമുള്ള തൃശൂരില്‍ സ്വകാര്യ മേഖലയില്‍ ആലോചിച്ച് പദ്ധതി തയ്യാറാക്കുകയും ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തതായിരുന്നു. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കായി സമീപിച്ചിരുന്നുവെങ്കിലും സ്വകാര്യമേഖലയിലെ പദ്ധതിക്ക് സര്‍ക്കാര്‍ തുകയനുവദിക്കുന്നതിലെ തടസവും, ആന ഉടമകള്‍ തമ്മില്‍ ചേരിതിരിവും ഉടലെടുത്തതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കഴിഞ്ഞയാഴ്ച പുത്തൂരില്‍ കെ.എ.വര്‍ഗീസിന്റെ സാനിധ്യത്തില്‍ തൃശൂരിലെ ആന ഉടമകളെയും ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി ആന ആശുപത്രി പദ്ധതി അവതരിപ്പിച്ച് നിര്‍ദ്ദേശങ്ങള്‍ തേടിയെങ്കിലും സര്‍ക്കാര്‍ മേഖലയിലായതിനാല്‍ നിലപാട് അറിയിക്കാതെ ഇവര്‍ മടങ്ങുകയായിരുന്നുവെന്ന് പറയുന്നു. കോട്ടൂരിലെ ആന ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥലത്തിനൊപ്പം 150 ഹെക്ടര്‍ കൂടി വനമേഖലയില്‍ നിന്ന് ഉള്‍പ്പെടുത്തും. നെയ്യാര്‍ ഡാം പദ്ധതിയില്‍ ഉള്‍പ്പെടും.
60 ആനകള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സ്‌പെഷ്യല്‍ ആന ആശുപത്രിയാണ്. പഠന ഗവേഷണം, ഇതോടൊപ്പം വിനോദ സഞ്ചാരികള്‍ക്ക് ചുറ്റി സഞ്ചരിക്കാനും, നെയ്യാര്‍ ഡാമിലെ ബോട്ട് സര്‍വീസും പദ്ധതിയിലുണ്ട്. ജൂണില്‍ കിഫ്ബിക്ക് പ്രൊജക്ട് സമര്‍പ്പിച്ച് ആഗസ്റ്റില്‍ ഫണ്ട് ക്ലിയറന്‍സിനും സെപ്റ്റംബറില്‍ പദ്ധതി ആരംഭിക്കാനുമാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam