
തിരുവനന്തപുരം : പശ്ചിമഘട്ടത്തിന്‍റെ ജൈവമേഖലക്കും ആവാസ വ്യവസ്ഥക്കും കനത്ത തിരിച്ചടി നല്‍കിയാണ് പ്രളയകാലം കടന്നുപോയത്. മലയോര മേഖലകളിലെ ഉരുള്‍പൊട്ടലില്‍ മാത്രം നൂറ്റിയൊന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തുമ്പോള്‍ അതിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്.
കേരളമുൾപ്പെടെ ആറ് സംസ്‌ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ടം. ലോകത്തിലെ 35 സുപ്രധാന ജൈവവൈവിദ്ധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും പശ്‌ചിമഘട്ടത്തിനുണ്ട്. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്‌ചിമഘട്ടം ഒട്ടേറെ നദികളുടെ ഉത്ഭവം കൂടിയാണ്. ചുരുക്കത്തിൽ നമ്മുടെ നിലനിൽപ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും എന്തിന്, ശുദ്ധവായു വരെ പ്രദാനം ചെയ്യുന്ന ഈ വിശാല മലനിരകൾ നിരന്തര ഭീഷണി കൂടി നേരിടുകയാണ്.
ഇക്കാര്യം പ്രതിഫലിക്കുന്നതാണ് ഇക്കഴിഞ്ഞ പ്രളയകാലത്തെ ദുരന്തങ്ങള്‍. ഒന്നും രണ്ടുമല്ല കേരളത്തിലെ പശ്ചിമ ഘട്ട മേഖലകളിലെ മലനിരകളില്‍ 200 ഓളം ഉരുള്‍പൊട്ടലുകളാണ് നടന്നത്. മണ്ണിടിച്ചില്‍ വേറെ. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന്‍റെ തിക്തത അനുഭവിക്കേണ്ടി വന്നത്.
2018 ജൂണ്‍ 14 ന് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഈ പ്രളയകാലത്തെ ആദ്യ ഉരുള്‍പൊട്ടലുണ്ടായി. കരിഞ്ചോലമല തകര്‍ന്ന് ജീവന്‍ നഷ്ടപ്പട്ടത് 14 പേര്‍ക്കാണ്. ഏറെ വൈകാതെ ഇടുക്കിയിലും, വയനാട്ടിലും, മലപ്പുറത്തും, പാലക്കാടും ഉരുള്‍പൊട്ടി. ഇടുക്കിയില്‍ മാത്രം 53 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മലപ്പുറത്ത് 26 ഉം, പാലക്കാട് 11 ഉം, വയനാട്ടില്‍ മൂന്നും, കണ്ണൂരില്‍ രണ്ടും ജീവനുകള്‍ പൊലിഞ്ഞു. ഏറ്റവുമൊടുവില്‍ കോഴിക്കോട് വലിയ നാശം വിതച്ച കണ്ണപ്പന്‍കുണ്ടില്‍ ഒരാളും മരണത്തിന് കീഴടങ്ങി.
നൂറ്റാണ്ടിലെ വലിയ പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്ന വാദത്തിന് ആക്കം കൂട്ടുന്നതാണ് പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിക്ഷോഭത്തിന്‍റെ കാരണങ്ങളായി വിലയിരുത്തുന്ന ഘടകങ്ങള്‍. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെരുകുന്ന നിര്‍മ്മാണ പ്രവൃത്തികള്‍, ഉയരുന്ന ക്വാറികള്‍ ഇവയൊക്കെ ദുരന്തത്തിന്‍റെ കാരണങ്ങളായി വിലയിരുത്തുന്നു.
കോഴിക്കോട്ടെ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം തേടി സിഡ്ല്യൂആര്‍ഡിഎം നടത്തിയ പഠനത്തില്‍ വ്യക്തമായത് ഇക്കാര്യങ്ങളൊക്കെ തന്നെയായിരുന്നു. ഇടപെടലുകളില്‍ നിയന്ത്രണമില്ലെങ്കില്‍ ഇനിയും സമാന പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വലിയിരുത്തുന്നതില്‍പോലും പക്ഷപാതം കാണിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ഇത്. അവിടെയാണ് തള്ളിക്കളഞ്ഞ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ പുനര്‍വായന ആവശ്യമായി വരുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam