
ആലപ്പാട്: കരിമണല്‍ ഖനനം സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയെ കുറിച്ച് ഇതുവരെ ഔദ്യോഗീകമായ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് സമരസമിതി. അറിയിപ്പ് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ സമരത്തെ ശക്തമായ രീതിയില്‍ തള്ളി പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നയിക്കുന്ന ചര്‍ച്ചയില്‍ എത്രമാത്രം നിക്കുപോക്കുകള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.
ആലപ്പാട്ടെ ഖനനം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജൻ നേരത്തെ പറഞ്ഞത്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സർക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണലെന്നും അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരംഭമാക്കി മാറ്റാം. ആലപ്പാട് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്നുമായിരുന്നു അന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്.
ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ലെന്നും സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടെയെന്നും അന്ന് മന്ത്രി പറഞ്ഞു. സമരം എന്തിനാണ് എന്നറിയില്ല, 'ആലപ്പാട് ഇല്ലാതായിത്തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോളാണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞതെന്നും മന്ത്രി സമരത്തെ തള്ളി പറഞ്ഞിരുന്നു. അനിയന്ത്രിതമായ കരിമണല്‍ ഖനനം മൂലം സ്വന്തം ഭൂമി നഷ്‍ട്ടപ്പെട്ട ജനങ്ങളുടെ സമരത്തോട് നിഷേധാത്മകമായി പ്രതികരിച്ച മന്ത്രി, ചര്‍ച്ച നയിക്കുമ്പോള്‍ അത് എന്തുമാത്രം അനുകൂലമാകും എന്ന് ഉറ്റുനോക്കുകയാണ് ആലപ്പാട്ടെ ജനങ്ങള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam