കെഎസ്ആര്‍ടിസി; മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

By Web TeamFirst Published Dec 6, 2018, 3:24 PM IST
Highlights

കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് 4,000 തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.  ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പിഎസ്സി  ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. 

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് 4,000 തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.  ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പിഎസ്സി  ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. 

കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്കുള്ള പിഎസ്സി പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയേ തുടര്‍ന്നാണ് കോടതി ഉത്തരവ്. 4051 പേരുടെ പിഎസ്സി ലിസ്റ്റ് നിലനില്‍ക്കേ കരാര്‍ ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടരുകയായിരുന്നു. ഇത് മൂലം പിഎസ്സി പരീക്ഷ പാസായിട്ടും തങ്ങള്‍ക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. 

പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള , വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറഞ്ഞ് കരാര്‍ ജോലി ചെയ്ത മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ച് വിടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പിഎസ്സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും  കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുള്‍പ്പെടുന്ന ബഞ്ചാണ് ഇതു സംമ്പന്ധിച്ച ഉത്തരവിട്ടത്. 

click me!