കോഴിക്കോ‌ട് കോർപ്പറേഷൻ ഓഫീസ് ആധുനികവത്ക്കരണം: കൗൺസിലിൽ വാക്കേറ്റവും പ്രതിഷേധവും

web desk |  
Published : May 28, 2018, 08:57 PM ISTUpdated : Oct 02, 2018, 06:31 AM IST
കോഴിക്കോ‌ട് കോർപ്പറേഷൻ  ഓഫീസ് ആധുനികവത്ക്കരണം: കൗൺസിലിൽ വാക്കേറ്റവും പ്രതിഷേധവും

Synopsis

കോർപ്പറേഷൻ  ഓഫീസ് ആധുനികവത്ക്കരണത്തിന് ഒമ്പതര കോടി

കോഴിക്കോട്:  കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് ആധുനികവത്ക്കരണത്തിന്  ഒമ്പതര കോടി രൂപ ചെലവഴിക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്നലെത്തെ കോർപ്പറേഷൻ കൗൺസിലിൽ രണ്ടാം നമ്പർ അജൻഡയായി വന്ന ഓഫീസ് ആധുനികവത്ക്കരണത്തെ പ്രതിപക്ഷ അംഗങ്ങ‍ളായ  പി.എം. നിയാസ്, എം. കുഞ്ഞാമൂട്ടി, കെ.ടി. ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ എതിർത്തതോടെ വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി. 

കൗൺസിലിന്‍റെ അംഗീകാരമില്ലാതെയാണ് അക്രഡിറ്റഡ് ഏജൻസിയായ യുഎൽസിസിഎസിനെ ഏൽപ്പിച്ചതെന്ന് പി.എം. നിയാസ് ആരോപിച്ചു. കോർപറേഷൻ കൗൺസിൽ മുമ്പ് അംഗീ‌കരിച്ച 400 പ്രോജക്റ്റിൽ ഒന്നാണിതെന്നും  പൊതുമരാമത്ത്ക‌മ്മിറ്റിയും വർക്കിങ് ഗ്രൂപ്പും അംഗീകരിച്ചതിന് ശേഷം ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിതെന്നും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ പറഞ്ഞു. തുടർന്നും നിയാസ് അജൻഡയെ എതിർത്ത് രൂക്ഷമായി സംസാരിച്ചതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റ് ബഹളം വെക്കുകയായിരുന്നു.

ഒമ്പതരകോടി രൂപകൊണ്ട് സുന്ദരമായ പുതിയ കെട്ടിടമുണ്ടാക്കാനാകുമെന്ന് എം. കുഞ്ഞാമൂട്ടി പറഞ്ഞു. നഗരസഭയുടെ വികസന കാര്യത്തിന് പോലും പണമില്ലാതിരിക്കുമ്പോൾ ഇത്രയും വലിയ തുകയിൽ ഓഫീസ് ആധുനികവത്ക്കരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  കാലത്ത‌ിന് അനുയോജ്യമായ വലിയ മാറ്റമാണ് നഗരസഭ ഓഫിസീൽ വരുത്തുന്നതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ മറുപടി പറഞ്ഞു. ഏസിയും കംപ്യൂട്ടറൈസേഷനും ഇലക്‌ട്രിഫിക്കേഷനും എല്ലാം പുതിയത് വരും. നഗരസഭയിലെത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനത്തിന്‍റെ ഭാഗം കൂടിയാണിതെന്നും മേയർ പറഞ്ഞ‌ു. 

ബഹളത്തിനിട‌യിൽ നിയാസ്, ഭരണപക്ഷ അംഗങ്ങളായ എം.പി. സുരേഷ്, ബിജുലാൽ, വി.ടി. സത്യൻ എന്നിവരുമായി ശക്തമായ വാക്കേറ്റം നടന്നു. ഇതിനിടെ വി.ടി. സത്യനോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ഭരണപക്ഷാംഗങ്ങൾ ഒന്നടങ്കം നിയാസിന്‍റെ ഇരിപിടിത്തിന് ചുറ്റും വളഞ്ഞു. വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ  ചേംബറിൽ നിന്നും ഇറങ്ങിവന്നതോടെയാണ് വാക്കേറ്റത്തിനും ബഹളത്തിനും അറുതിയായത്. 

തുടർന്ന് മേയർ കൗൺസിൽ യോഗം പത്ത് മിനുറ്റ് നേരം നിർത്തിവച്ചു. സഭയിലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർത്ത ശേഷമാണ് യോഗം പുനരാരംഭിച്ചത്. കൗൺസിലർമാർ സഭയിൽ വിവേകത്തോടെ പെരുമാറണമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു. വിമർശിക്കാം, വിയോജിപ്പുമാകാം, അതിർത്തിവിട്ടുള്ള കാര്യങ്ങൾ നടന്നുകൂടാ. തനിയ്ക്കെതിര‌െയും നിയാസ് പലപ്പോഴും പരമർശം നടത്തിയിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചു. 

തനിക്കെതിരെയും പലരും മോശം പരാമർശം നടത്തിയപ്പോൾ മേയർ ഉ‌ൾപ്പെടെയുള്ളവർ ചെവികൊണ്ടില്ലെന്നും പി.എം. നിയാസ് ആരോപിച്ചു. തുടർന്ന് യുഡിഎഫിന്‍റെയും ബിജെപിയുടെയും കൗൺസിലർമാരുടെ വിയോജിപ്പോടെ 19 ന് എതിരെ 45 വോട്ടിനാണ് അജൻഡ പാസാക്കിയത്. കൗൺസിലർ പി. കിഷൻചന്ദ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ നിഷ്പക്ഷത പാലിച്ചു. 

ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷ കൗൺസിലർ കെ.ടി. ബീരാൻ കോയയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയം ആറ് ബിജെപി കൗൺസിലർമാരുടെ വിയോജിപ്പോടെ വോട്ടിനിട്ട് പാസാക്കി. ഇന്ധന വില സംബന്ധിച്ച പ്രമേയവും ചർച്ചയ്ക്ക് വഴിവച്ചു. സംസ്ഥാന സർക്കാർ ഇന്ധനത്തിന്‍റെ നികുതി കുറയ്ക്കണമെന്ന് യുഡിഎഫ് കൗൺസിലർമാരും ഇന്ധനവിലനിരക്ക് ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി കൗൺസിലർമാരും ആവശ്യപ്പെട്ടു. ഇന്ധനവിലനിർണയാധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിയാലേ വില കുറയ്ക്കാനാവൂവെന്ന് എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.  എം. ശ്രീജ, പി.കെ. ശാലിനി എന്നിവരും ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്