കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കുന്നു

By web deskFirst Published May 28, 2018, 9:51 PM IST
Highlights
  • വൈകുന്നേരം 4.40ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസ് പോയാല്‍ പിന്നീട് രാത്രി പത്ത് മണിക്കാണ് അടുത്ത സര്‍വീസുള്ളത്.

വയനാട്: കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ചു. കല്‍പ്പറ്റയില്‍ നിന്ന് രാവിലെ 11ന് തുടങ്ങുന്ന സര്‍വീസാണ് ഏറ്റവും അവസാനമായി നിര്‍ത്തിയത്. ഇതേ റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സര്‍വീസും നിര്‍ത്തിയിരുന്നു. ഈ റൂട്ടിലെ യാത്രക്കാര്‍ പത്ത് വര്‍ഷത്തിലധികമായി ആശ്രയിച്ചിരുന്ന വൈകുന്നേരം 5.10നും, രാത്രി 8.30നും കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോയിരുന്ന സര്‍വ്വീസുകളാണ് കലക്ഷന്‍ ഇല്ലെന്ന കാരണത്താല്‍ പിന്‍വലിച്ചത്. 

വൈകുന്നേരം 4.40ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസ് പോയാല്‍ പിന്നീട് രാത്രി പത്ത് മണിക്കാണ് അടുത്ത സര്‍വീസുള്ളത്. 4.40നുള്ള ബസ് കിട്ടാതെ പോയാല്‍ പിന്നീട് ഈ നാട്ടിലേക്കുള്ള യാത്രക്കാര്‍ രാത്രി പത്ത് മണിവരെ കാത്തുനില്‍ക്കുകയോ കൂടുതല്‍ പണം ചിലവാക്കി ഓട്ടോ വിളിക്കുകയോ വേണം. ദൂരെ ദിക്കുകളില്‍ നിന്ന് കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിലെത്തുന്ന മുണ്ടക്കൈയിലേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്നത് പതിവാണ്. മൂന്നുമാസം മുമ്പ് കല്‍പ്പറ്റയില്‍ നിന്ന് അട്ടമലയിലേക്കുള്ള സര്‍വീസും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് ഒത്താശ ചെയ്തതിന് ഒരു ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.  

click me!