മാധ്യമങ്ങള്‍ വാര്‍ത്തയുടെ വില്‍പനമൂല്യം മാത്രം നോക്കുന്നു: സ്പീക്കര്‍

By web deskFirst Published Mar 4, 2018, 4:06 PM IST
Highlights
  • അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള ബ്രേക്കിംഗ് സ്റ്റോറികള്‍ മെനയുന്നതാണ് മാധ്യമങ്ങളുടെ ഇന്നത്തെ രീതിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.

തൃശൂര്‍: അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള ബ്രേക്കിംഗ് സ്റ്റോറികള്‍ മെനയുന്നതാണ് മാധ്യമങ്ങളുടെ ഇന്നത്തെ രീതിയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തൃശൂരില്‍ അഡ്വ.പുഴങ്കര ബാലനാരായണന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ സുസ്മിതയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തങ്ങള്‍ ഉല്പാദിപ്പിക്കുന്ന വാര്‍ത്തയുടെ വില്‍പന മൂല്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നു. ആ വാര്‍ത്തയ്ക്ക് തുടര്‍ച്ചയോ അന്വേഷണമോ ഇല്ല. ഉദാഹരണമായി മുല്ലപ്പെരിയാര്‍ വിവാദം സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ചിലകാര്യത്തില്‍ മാധ്യമങ്ങള്‍ നല്ല ഇടപെടലുകള്‍ നടത്തുന്നുണ്ട്. മധുവിന്റെ ദാരുണ അന്ത്യം സമൂഹത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞത് അതിനുള്ള ഉദാഹരണമാണ്.

എന്നാല്‍ കേരളത്തിന്റെ പൊതുവായ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സമവായമുണ്ടാക്കുന്നതിനും മാധ്യമങ്ങളില്‍ നിന്ന് ശ്രമം വേണമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവന്റെ ശബ്ദമാവണം. അങ്ങിനെ മാറുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. കേരളം മാധ്യമങ്ങള്‍ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്ന ലോകമാണ്. അതവര്‍ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. എല്ലാം നെഗറ്റീവായി മാത്രം കാണുന്നത് ശരിയല്ല. വിമര്‍ശനങ്ങളാവാം. രാത്രി ഒമ്പതിന് ശേഷം നടക്കുന്ന കോമഡി ഷോ ആയി നിയമസഭയെ കാണിക്കുന്നു. അത് വേണ്ടെന്ന് പറയുന്നില്ല. അതെല്ലാം ആസ്വാദനസുഖത്തിന് വേണ്ടിയാണെന്നും സ്പീക്കര്‍ പറഞ്ഞു. 

click me!