
ദില്ലി: അക്രമികൾ തട്ടിക്കൊണ്ടുപോയ ഭർതൃസഹോദരനെ രക്ഷിക്കാൻ തോക്കെടുത്ത് ദേശീയ ഷൂട്ടിംഗ് താരം. ഡൽഹിയിലെ ദരിയാഗഞ്ചിലാണ് ദേശീയ ഷൂട്ടിംഗ് താരവും പരിശീലകയുമായ അയിഷ ഫലാഖ് ഭർതൃസഹോദരനെ രക്ഷിക്കാൻ അക്രമികൾക്കു നേർക്കു വെടിയുതിർത്തത്.
ഡൽഹി സർവകലാശാല വിദ്യാർഥിയും അയിഷയുടെ ഭർതൃസഹോദരനുമായ ആസിഫ് ടാക്സി ഡ്രൈവറായും ജോലി നോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ടാക്സിയിൽ കയറിയ ഒരു സംഘമാളുകൾ ആസിഫിനെ അക്രമിച്ച് പഴ്സും മറ്റു സാമഗ്രികളും കവർന്നു. ഇതിൽനിന്നു കാര്യമായി ഒന്നും ലഭിക്കാത്തതിനാൽ ആസിഫിന്റെ വീട്ടിലേക്കു വിളിച്ച് അക്രമികൾ പണം ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനകം 25,000 രൂപയുമായി വന്നാൽ ആസിഫിനെ ജീവനോടെ കൊണ്ടുപോകാം എന്നായിരുന്നു ഭീഷണി.
ഉടൻതന്നെ ആസിഫിന്റെ കുടുംബവും ഇവർ അറിയിച്ചതനുസരിച്ച് പോലീസും അക്രമികൾ ആവശ്യപ്പെട്ട സ്ഥലത്തെത്തി. അയിഷയും ഇവർക്കൊപ്പമുണ്ടായിരുന്നു. പോലീസിനെ കണ്ട അക്രമികൾ മുന്പ് പറഞ്ഞ സ്ഥലത്തുനിന്നു കടന്നു. എന്നാൽ ഇവരെ പിന്തുടർന്നെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന അയിഷ അക്രമികൾക്കു നേർക്കു വെടിയുതിർക്കുകയായിരുന്നു. അക്രമികളിൽ ഒരാളുടെ അരക്കെട്ടിലും മറ്റേയാളുടെ കാലിലുമാണ് വെടിയേറ്റത്. ഇതോടെ ആസിഫിനെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി.
2015 ലെ നോർത്ത് സോണ് ഷൂട്ടിംഗിൽ വെങ്കല മെഡൽ ജേതാവാണ് അയിഷ. അയിഷയുടെ തോക്കിന് ലൈസൻസുണ്ടെന്നും ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിനാൽ ഇവർക്ക് നിയമപരിരക്ഷ ലഭിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam