വലിയതോവാള-മന്നാക്കുടി റോഡില്‍ വന്‍ ഗര്‍ത്തം; ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

web desk |  
Published : Jun 09, 2018, 11:38 AM ISTUpdated : Oct 02, 2018, 06:30 AM IST
വലിയതോവാള-മന്നാക്കുടി റോഡില്‍ വന്‍ ഗര്‍ത്തം; ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

Synopsis

എന്‍ജിനീയറുടെ ഉറപ്പ് ലഭിച്ച ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് വലിയതോവാള-മന്നാക്കുടി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയ്യുബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍, സ്ഥലത്തെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ഗര്‍ത്തം ഉടന്‍തന്നെ മൂടൂമെന്ന് പൊതുമരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍കുമാര്‍ അറിയിച്ചു. ഗര്‍ത്തം മൂടുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് ലഭിച്ചാലുടന്‍ അപകടാവസ്ഥയിലായ പാലത്തിന്റെ സംരക്ഷണഭിത്തിയോട് ചേര്‍ന്ന ഗര്‍ത്തം സിമന്‍റിട്ട് വാര്‍ക്കുമെന്നും എന്‍ജിനീയര്‍ പറഞ്ഞു. എന്‍ജിനീയറുടെ ഉറപ്പ് ലഭിച്ച ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. 

ഷാപ്പുംപടി പാലവും സംരക്ഷണഭിത്തിയും നാളുകളായി അപകടവസ്ഥയിലാണ്. റോഡിലുണ്ടായിരുന്ന കുഴി മഴ കനത്തതോടെ മണ്ണിടിഞ്ഞ് വലിയ ഗര്‍ത്തമായി രൂപപ്പെടുകയായിരുന്നു. ദിനംപ്രതി പത്തിലധികം സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും കാല്‍നടയാത്രക്കാരും ഉപയോഗിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തിയുടെ സമീപത്തെ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. വിദ്യാര്‍ഥികള്‍ പാലത്തിലൂടെ കടന്നുപോകുമ്പോള്‍ രക്ഷിതാക്കള്‍ കൂടെയെത്തി കാവലിരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കനത്തതോടെ ആറ്റിലൂടെയുള്ള നീരൊഴുക്കും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ സംരക്ഷണ ഭിത്തി കൂടുതല്‍ അപകടാവസ്ഥയിലാകാന്‍ സാധ്യതയുള്ളതായും പ്രദേശവാസികള്‍ക്ക് ഭയമുണ്ട്. 

കഴിഞ്ഞ വേനല്‍മഴയിലാണ് പാലത്തിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന സ്ഥലത്ത് മണ്ണ് കുത്തിയൊലിച്ച് ഗര്‍ത്തമുണ്ടായത്. മഴ കനക്കുന്നതോടെ കൂടുതല്‍ മണ്ണ് ഇളകിമാറിയാല്‍ പാലം അപകടത്തിലാവും. ഈ സാഹചര്യത്തില്‍ ഗര്‍ത്തം മൂടി സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. മേഖലയില്‍ ആയിരക്കണക്കിനാളുകളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. പാലത്തിനും അപകടം സംഭവിച്ചാല്‍ മേഖലയൊന്നാകെ ഒറ്റപ്പെടും. ഈ സാഹചര്യം കണക്കിലെടുത്ത് അപകടവസ്ഥ ഒഴിവാക്കാന്‍ അടിയന്തര നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. 

പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫ അയ്യൂബ്, പഞ്ചായത്തംഗം ഷാജി മരുതോലില്‍ എന്നിവര്‍ താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍ പൊതുമാരാമത്ത് വകുപ്പിനു നിര്‍ദേശവും നല്‍കിയിരുന്നു. സംരക്ഷണ ഭിത്തിയുടെ സമീപത്തുള്ള ഗര്‍ത്തം പാലത്തിനു ബലക്ഷയമുണ്ടാക്കുമോയെന്ന ഭയത്തിലാണു നാട്ടുകാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ