യുദ്ധഭീതിക്കിടെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ദുബായ് മാളിൽ സന്ദർശനം നടത്തി രാജ്യത്തിന് സുരക്ഷാ സന്ദേശം നൽകി. ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ സന്ദർശനം ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു.
ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ യുദ്ധഭീതി നിലനിൽക്കെ, യുഎഇയുടെ കരുത്തും സമാധാനവും ലോകത്തിന് കാണിച്ചുകൊടുത്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. തിങ്കളാഴ്ച വൈകിട്ട് ദുബായ് മാളിൽ ഇരുവരും ഒരുമിച്ച് നടത്തിയ സന്ദർശനം വൻ ജനക്കൂട്ടത്തെയാണ് ആകർഷിച്ചത്. യാതൊരു വിധ സുരക്ഷാ അകമ്പടികളുമില്ലാതെ സാധാരണക്കാരെപ്പോലെ മാളിലൂടെ നടന്നും ഭക്ഷണശാലകളിൽ ഇരുന്നുമാണ് ഭരണാധികാരികൾ ജനങ്ങളുമായി സംവദിച്ചത്. വിദേശ ഡ്രോൺ ആക്രമണങ്ങളെ യുഎഇ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടന്നത് എന്നത് ശ്രദ്ധേയമാണ്. രാജ്യം സുരക്ഷിതമാണെന്നും ഭരണകൂടം ജനങ്ങൾക്കൊപ്പം ഉണ്ടെന്നുമുള്ള വലിയൊരു സന്ദേശമാണ് ഇതിലൂടെ നൽകപ്പെട്ടത്. മാളിലെത്തിയ സന്ദർശകർ ഭരണാധികാരികൾക്കൊപ്പം സെൽഫിയെടുത്തും കൈകൊടുത്തും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ഒരു ഘാന സ്വദേശിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കുശലാന്വേഷണം നടത്തുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അതേസമയം, അബുദാബിയിലെ മുസഫയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയെന്ന് അബുദാബി അധികൃതർ അറിയിച്ചു. മലയാളികൾ തിങ്ങി താമസിക്കുന്ന ഇടമാണ് മുസഫ. അതേസമയം, ഇറാന്റെ യുദ്ദ വിമാനങ്ങൾ വീഴ്ത്തിയെന്ന് ഖത്തർ അറിയിച്ചു. രണ്ട് സു -24 വിമാനങ്ങളാണ് വെടി വെച്ചിട്ടത്.
ഇതിനിടെ നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനമെത്തി. യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴി നാട്ടിലെത്താം. ഒമാനിൽ നിന്നും വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചിരുന്നു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.
യുഎഇയിലെ ദുബായ് വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം, ഷാർജ വിമാനത്താവളം എന്നിവ ഉടൻ തുറക്കും. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുമെന്നും അറിയിച്ചു. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക. ഭാഗികമായി സർവീസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.


