പാലത്തിന്റെ അവകാശം; സിപിഎം  - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

By web deskFirst Published Mar 13, 2018, 9:13 PM IST
Highlights
  • അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.

കാസര്‍കോട്:   കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാസര്‍കോട് കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാറില്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ക്ക് പരിക്കേറ്റു.  കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് മദ്യലഹരിയില്‍ ഇരുവിഭാഹങ്ങള്‍ തമ്മില്‍ ബാറില്‍ വെച്ച് ഏറ്റുമുട്ടിയത്. 

അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു  പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തലക്ക് പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അച്ചാംതുരുത്തിയിലെ ശരത്തിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകരായ രാമകൃഷ്ണന്‍, ബാബുരാജ് എന്നിവരെ ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലം ഉദ്ഘാടനത്തിന് ശേഷം നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ വെച്ച് പാലത്തിന്റെ അവകാശവാദത്തെച്ചൊല്ലി ശരത്തും രാമകൃഷ്ണനും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നു. ഇവിടെ നിന്നും നാട്ടിലെത്തിയപ്പോള്‍ അച്ചാംതുരുത്തി മെട്ടക്ക് വെച്ച് രാമകൃഷ്ണനെ ശരത്ത് വീണ്ടും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഈ സംഭവത്തിന് തുടര്‍ച്ചയായി സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാബുരാജിനെ വീട്ടില്‍ കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. 

സംഭവമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. സിപിഎം പ്രവര്‍ത്തകന്‍ രാമകൃഷ്ണന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അരുണ്‍, ശരത്ത്, ഋഷികേശ്, മഹേഷ് എന്നിവര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
 

click me!