കയാമ്പൂക്കള്‍ വിരിഞ്ഞ വീട്ടിലേക്ക് ഇരട്ടി സന്തോഷമായി വനിതാരത്‌നം പുരസ്‌കാരം

By സുധീഷ് പുങ്ങംചാൽFirst Published Mar 7, 2018, 12:08 PM IST
Highlights
  • ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കുള്ള ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ് ആണ് മിനി ടീച്ചര്‍ക്ക് ലഭിച്ചത്.

കാസര്‍കോട്: കയാമ്പൂ കണ്ണില്‍ വിടരും... കമലദളം കവിളില്‍ വിടരും.. എന്ന് തുടങ്ങുന്ന മനോഹര ഗാനം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. കായാമ്പൂക്കള്‍ നിറഞ്ഞ നീലേശ്വരം പുതുക്കൈയിലെ മേലത്ത് വീട്ടില്‍ മിനി ടീച്ചറുടെ വീട്ടില്‍ ഇപ്പോള്‍ ഇരട്ടി സന്തോഷമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരമാണ് മിനി ടീച്ചറെ തേടിയെത്തിയത്. 

ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കുള്ള ജസ്റ്റിസ് ഫാത്തിമബീവി അവാര്‍ഡ് ആണ് ഇവര്‍ക്ക് ലഭിച്ചത്. കുണ്ടംകുഴി പാണ്ടിക്കടവത്തെ കര്‍ഷക കുടുംബമായ കെ. ചന്തുനായരുടെയും ജനകിയമ്മയുടെയും നാലുമക്കളില്‍ ഏക മകളാണ് എം.മിനി. പടന്നക്കാട് നെഹ്രു കോളേജില്‍ താത്ക്കാലിക അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് ഗവേഷണത്തിന്റെ സാധ്യതകള്‍ തേടിയത്. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് സ്റ്റാഫ് കൂടിയായ ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ പിന്തുണയോടെ ഗവേഷണം നടത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരം നേടി ജില്ലയ്ക്ക് അഭിമാനമായത്.

ജില്ലയിലെ ഇടനാടന്‍ കുന്നുകളുടെ നാശവും, കുന്നിടിക്കല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളും, കിണര്‍ജല ശുദ്ധീകരണം, മണ്‍പാത്രങ്ങളുടെ പ്രാധാന്യം, ജൈവസംരക്ഷണം എന്നിവയായിരുന്നു ഇവരുടെ വിവിധ ഗവേഷണ പ്രബന്ധങ്ങളുടെ വിഷയം. പരിസ്ഥിതിയുമായി സന്തുലിതാവസ്ഥയെ ബാധിക്കുന്ന 12 പ്രബന്ധങ്ങള്‍ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2010 ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ഗവേഷക ഗൈഡ് ഡോ.പി.എം.ബീബി റസീനയുടെ മേല്‍നോട്ടത്തിലായിരുന്നു മിനിയുടെ ഗവേഷണത്തിനുള്ള തുടക്കം. 

ആദ്യ അംഗീകാരം തന്നെ സംസ്ഥാന സര്‍ക്കാരിന്റെതായതില്‍ ഏറെ സന്തോഷവതിയാണ് ഇവര്‍. വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. മൂന്നു ലക്ഷം രൂപയുടെ പുരസ്‌കാരം വനിതാ ദിനത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങും. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യന്‍ ബയോ ഡൈവേസിറ്റി കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രസന്റേഷന്‍ ചെയ്യാന്‍ മിനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബോട്ടണി അധ്യാപികയാണ് ഡോ.മിനി. മകന്‍ യദുനന്ദന്‍ കക്കാട്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

click me!