പുതുവര്‍ഷ പുലരിയില്‍ ലോകം

By web deskFirst Published Jan 1, 2018, 6:26 AM IST
Highlights

പുതുവര്‍ഷപ്പിറവിയില്‍ ലോകം. പുതിയ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും തുടക്കം കുറിച്ച് 2018 പിറന്നു. ന്യൂസീലന്റിലെ സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. നേട്ടങ്ങളും തിരിച്ചടികളും സമ്മാനിച്ച് 2017 വിടവാങ്ങി. ഇനി പ്രതീക്ഷകളുടെ പുതിയ വര്‍ഷം. 2018. എന്നത്തേയും പോലെ ന്യൂസീലാന്‍ഡിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. അവിടത്തെ ക്വീന്‍സ് ലാന്‍ഡ് ടവറിലായിരുന്നു ആദ്യ പുതുവര്‍ഷാഘോഷം. കരിമരുന്നിന്റെ അകമ്പടിയോടെ ആടിയും പാടിയും ന്യൂസീലന്‍ഡുകാര്‍ പുതുവര്‍ഷത്തെ വരവേറ്റു.

ന്യൂസീലാന്‍ഡിനൊപ്പം തന്നെ പോളീനേഷ്യ, പസഫിക് ദ്വീപുകളായ സമോവയിലും ടോംഗയിലും കിരിബാസിലും പുതുവര്‍ഷമെത്തി. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയിലും 2018 പിറന്നു. സിഡ്‌നി ഹാര്‍ബര്‍ പാലത്തില്‍ വര്‍ണ വിസ്മയം തീര്‍ത്ത് ഓസ്‌ട്രേലിയ പുതുവര്‍ഷത്തെ വരവേറ്റു. വിവാഹ സമത്വം എന്ന സന്ദേശം പ്രചരിപ്പിച്ച് ആകാശത്ത് കരിമരുന്ന് മഴവില്ല് വിരിയിച്ചു. വിപുലമായ പരിപാടികളോടെ റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും പുതുവര്‍ഷാഘോഷത്തില്‍ പങ്കുചേര്‍ന്നു. കരിമരുന്ന് പ്രയോഗത്തോടെയാണ് ജപ്പാന്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. 

പരമ്പരാഗത ആഘോഷങ്ങളുമായാണ് ചൈനക്കാര്‍ 2018 നെ വരവേറ്റത്. ഹോങ്‌ഗോക്കും തായ്‌പേയിയും വടക്കന്‍ തെക്കന്‍ കൊറിയകളും പുതുവര്‍ഷരാവിനെ ആഘോഷങ്ങളോടെ വരവേറ്റു. നൂറുകണക്കിന് പേര്‍ ഒരേ സമയം വിവാഹതിരായാണ് ഇന്തോനേഷ്യ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ദുബായില്‍ ബുര്‍ജ് ഖലീഫക്ക് മുന്നിലായിരുന്നു ആഘോഷം. ദീപങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരുന്ന ബുര്‍ജ് ഖലീഫയെ സാക്ഷി നിര്‍ത്തി ആകാശത്ത് കരിമരുന്ന് വര്‍ണ വിസ്മയം തീര്‍ത്തു.

2017 നുണകളുടേയും നീതി നിഷേധത്തിന്റേയും യുദ്ധത്തിന്റേയും വര്‍ഷമായിരുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുതുവര്‍ഷ സന്ദേശത്തില്‍ വ്യക്തമാക്കി. എല്ലാ വിശ്വാസികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുവര്‍ഷാശംസകള്‍ നേര്‍ന്നു. ഇന്ത്യയില്‍ ദില്ലി, ബെംഗളൂരു, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ പുതുവര്‍ഷത്തെ വരവേറ്റ് ആഘോഷങ്ങള്‍ നടന്നു. ദില്ലിയില്‍ കൊണാട്ട് പ്ലേസിലായിരുന്നു ആഘോഷം. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ നടന്നു. ടിബറ്റന്‍ അതിര്‍ത്തിയില്‍ സൈനികരുടെ പുതുവര്‍ഷാഘോഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്തു. 

പുതുവര്‍ഷത്തെ വരവേറ്റ് സംസ്ഥാനവും. കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. തലസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചിരുന്നെങ്കിലും വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ആഘോഷങ്ങള്‍ നടന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലായിരുന്നു കൊച്ചിയിലെ പുതുവര്‍ഷാഘോഷം. സ്വാഗതം ചെയ്യാനെത്തിയ നൂറുകണക്കിന് പേരെ സാക്ഷി നിര്‍ത്തി പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞിക്ക് തീ പകര്‍ന്നു. ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെ 2018 പിറന്നു.

വിവിധ ക്ലബ്ബുകളിലും ഹോട്ടലുകളിലും പുതുവര്‍ഷാഘോഷം നടന്നു. ലഹരി വിതരണവും വിപണനവും തടയാന്‍ പൊലീസ് ഒരുക്കിയ നിരീക്ഷണ നടപടികള്‍ക്കിടെയായിരുന്നു ഇവിടങ്ങളിലെ ആഘോഷം. കൊച്ചി കാര്‍ണിവല്‍ വേദിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. 3500 ഓളം പൊലീസുകാര്‍ രാത്രി നഗരത്തിന് കാവല്‍ നിന്നു. വിദേശികള്‍ക്ക് പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പലിയിടങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടന്നു.

തലസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ആഘോഷം ഒഴിവാക്കിയിരുന്നുവെങ്കിലും ദുരിതബാധാതര്‍ക്കൊപ്പം സര്‍ക്കാര്‍ എന്ന സന്ദേശവുമായി  കോവളത്ത് ദീപം തെളിയിച്ചു. പുതുവര്‍ഷം പിറന്നപ്പോള്‍ 1000 മണ്‍ചിരാതുകളിലും 1000 മെഴുകുതിരികളിലും ദീപം പകര്‍ന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ടൂറിസം വകുപ്പിന്റെ പതിവ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കിലും കേവളത്തും ശംഖുമുഖത്തും ഉള്‍പ്പെടെ നിരവധി പേര്‍ 2018നെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ സ്‌പെഷ്യല്‍ ഓഫീസര്‍ ദേവേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ ആയിരുന്നു പുതുവര്‍ഷാഘോഷം.
 


 

click me!