
ദില്ലി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് തല്ക്കാലം തടസ്സമില്ല. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളത്തിലെ ഹർജികൾ പ്രത്യേകമായി ബൂധനാഴ്ച പരിഗണിക്കും. നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഇന്ന് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചില്ല.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് എസ് ഐ ആർ നടപടികൾക്കെതിരായ ഹർജികൾ പരിഗണിച്ചത്. കേരളം ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എസ്.ആർ ഹർജികൾ ആണ് ബെഞ്ചിനു മുന്നിൽ എത്തിയത്. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതോടെയാണ് 26ന് ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഇന്ന് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ കേൾക്കണം എന്ന് കോടതി തുടക്കത്തിൽ തന്നെ പറഞ്ഞതോടെയാണ് അടിയന്തര സ്റ്റേ ഹർജിക്കാർ ആവശ്യപ്പെടാത്തത്.
സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ എന്നീ പാർട്ടികളും എസ്ഐആറിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നാമനിർദ്ദേശപത്രിക കൊടുക്കുന്നതിനുള്ള അവസാന തീയതിയാണിന്ന് എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഉത്കണ്ഠ വേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. മൂന്നോ നാലോ ദിവസം കാത്തിരുന്നാൽ ഹർജി വരുമല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. എസ്ഐആർ നടപടികൾ ഭരണഘടനാ വിരുദ്ധമെന്നാണ് രാഷ്ട്രീയ പാർട്ടികൾ നല്കിയ ഹർജിയിലെ വാദം. ബീഹാറിലെ എസ്ഐഐർ പരിഗണിച്ച അതേ ബഞ്ചിനു മുമ്പാകെയാണ് കേരളത്തിലെ ഹർജികളും എത്തിയിരിക്കുന്നത്.