അക്രമശ്രമവും അസഭ്യവർഷവുമുണ്ടായി; ഈ ഗുണ്ടകൾ അയ്യപ്പസ്വാമിയുടെ ഭക്തരല്ല: തൃപ്തി ദേശായി

By Web TeamFirst Published Nov 16, 2018, 7:27 PM IST
Highlights

ശബരിമല സന്ദർശനത്തിന്‍റെ പേരിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് കരുതി മാത്രമാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി. പ്രതിഷേധക്കാർക്ക് ഞങ്ങളെ പേടിയായതുകൊണ്ടല്ലേ വിമാനത്താവളത്തിൽ വച്ച് തന്നെ തടഞ്ഞത്? തൃപ്തി ദേശായി ചോദിക്കുന്നു.

നെടുമ്പാശ്ശേരി: ശബരിമലയിൽ സന്ദർശനം നടത്താനിരിക്കുന്ന തനിയ്ക്കും സംഘത്തിനുമെതിരെ അസഭ്യവർഷവും അക്രമശ്രമവുമുണ്ടായതായി തൃപ്തി ദേശായി. അയ്യപ്പന്‍റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികൾ ഗുണ്ടകളാണെന്ന് തൃപ്തി ദേശായി ആരോപിച്ചു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരിൽ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ന്യായീകരിക്കാനാകുന്നതെന്നും തൃപ്തി ചോദിച്ചു. തൽക്കാലം മടങ്ങുകയാണെന്നും എന്നാൽ തിരികെ വരുമെന്നും തൃപ്തി പ്രഖ്യാപിച്ചു.

''ശബരിമലയിൽ പോകാനെത്തിയ ഞങ്ങളെ വിമാനത്താവളത്തിൽത്തന്നെ തടഞ്ഞതിൽ ദുഃഖമുണ്ട്. അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ടവർ സമാധാനപൂർവമാണ് സമരം നടത്തുക എന്നാണ് കരുതിയത്. ഞങ്ങൾക്ക് നേരെ അസഭ്യവർഷമുണ്ടായി, അക്രമശ്രമമുണ്ടായി. താമസിയ്ക്കാൻ ഒരു റൂം ചോദിച്ചിട്ട് കൊച്ചിയിലെ ഹോട്ടലുകൾ സ്ഥലം നൽകിയില്ല. നിങ്ങൾക്ക് മുറി തന്നാൽ ഹോട്ടലിന് നേരെ ആക്രമണമുണ്ടാകുമെന്നാണ് ഹോട്ടലുടമകൾ പറഞ്ഞത്. ഓൺലൈൻ ടാക്സി സർവീസുകളുൾപ്പടെ ടാക്സികളും നൽകിയില്ല. എന്താണിവിടെ നടക്കുന്നത്?'', തൃപ്തി ചോദിച്ചു. 

''മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ അഞ്ഞൂറിലേറെ സ്ത്രീകൾ ബുക്ക് ചെയ്തിട്ടുണ്ട്. അവർക്ക് പോകാനുള്ള അധികാരമുണ്ട്. അവർക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്ന് കേരളസർക്കാരിനോട് അഭ്യർഥിക്കുകയാണ്.'' തൃപ്തി പറ‍ഞ്ഞു. 

''ആരുടെയും മതവികാരം വ്രണപ്പെടുത്താനില്ല. തനിയ്ക്ക് പാർട്ടിയില്ല. ചിലർ ഞാൻ ആർഎസ്എസ്സാണെന്നും മറ്റ് ചിലർ കോൺഗ്രസുകാരിയാണെന്നും പറയുന്നു. എന്തിനാണ് എന്‍റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നത്? ഞങ്ങളെ പേടിച്ചാണ് ഇവിടെത്തന്നെ തടഞ്ഞത്. നിലയ്ക്കലെത്തിയാൽ ഞങ്ങളെ തടയാനാകില്ലെന്ന് അറിയാം. അതിനാലാണ് ഇവിടെ വച്ച് തന്നെ തടഞ്ഞത്.'' തൃപ്തി പറയുന്നു.

''ഇത് തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കൂടെ നിന്നതിന് എല്ലാവർക്കും നന്ദിയുണ്ട്. പ്രതിഷേധക്കാരെ പേടിച്ചല്ല മടങ്ങുന്നത്. ക്രമസമാധാനനില വഷളാവാതിരിക്കാനാണ് മടങ്ങുന്നത്. പ്രശ്നമുണ്ടാക്കാനാഗ്രഹമില്ല.'' തൃപ്തി വ്യക്തമാക്കി. 

കേരളാ പൊലീസിന് നന്ദിയുണ്ടെന്നും ശബരിമലയിലേക്ക് ഉടൻ തിരികെ വരുമെന്നും പ്രഖ്യാപിച്ചാണ് തൃപ്തി മടങ്ങുന്നത്. അന്ന് ഇന്നത്തേതുപോലെ പ്രഖ്യാപനം നടത്തിയല്ല വരികയെന്നും തൃപ്തി പറയുന്നു. 

 

click me!