
കൊല്ലം: തന്റെ മകന് സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാകരുതെന്ന് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അച്ഛൻ മനോജ്. ഇനി ഒരു കുട്ടിയും ഇങ്ങനെയൊരു ദുരന്തത്തിൽ മരിക്കരുതെന്ന് പറഞ്ഞ മനോജ് കേസന്വേഷണത്തെകുറിച്ചൊന്നും തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു. ശക്തമായ നടപടി സ്വീകരിക്കണം. ഇനി ഒരു കുട്ടിക്കും ഇത് സംഭവിക്കരുത്. സർക്കാരിൽ വിശ്വാസമുണ്ട്. നടപടിയുണ്ടാമുമെന്ന് എസ്പി നേരിട്ട് ഉറപ്പുനൽകിയതാണ്. പൊലീസുകാരനാകണം എന്നായിരുന്നു അവൻ്റെ ആഗ്രഹം. ധൈര്യശാലിയായ അവനായിരുന്നു കരുത്ത്. അച്ഛൻ കരയുന്നത് അവന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് താൻ കരയാതെ പിടിച്ചുനിൽക്കുന്നതെന്നും മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.