വോട്ടിന് വേണ്ടി എന്നെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ വിജയ് മല്യ

By Web DeskFirst Published Jul 9, 2018, 3:58 PM IST
Highlights
  • താന്‍ ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ പ്രവാസിയാണെന്ന് മല്യ
  • ബ്രിട്ടനിലുള്ള സ്വത്തുക്കള്‍  കൈമാറാന്‍ ഒരു മടിയില്ല

ലണ്ടന്‍ : തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടിനായി തന്നെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് വിജയ് മല്യ. റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തിലാണ്  കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ് മല്യയെത്തിയത്. താന്‍  ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ പ്രവാസിയാണെന്നും മല്യ പറഞ്ഞു. അതു കൊണ്ട് തന്നെ ലണ്ടനിലേക്ക് ഓടി രക്ഷപെട്ടു പോയതാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും മല്യ വിശദമാക്കി.

സ്ഥിരതാമസമായ ഇംഗ്ലണ്ടിലേക്കല്ലാതെ വേറെവിടേക്കാണ് താന്‍ പോവേണ്ടതെന്നും വിജയ് മല്യ ചോദിക്കുന്നു.തന്റെ പേരില്‍ ബ്രിട്ടനിലുള്ള സ്വത്തുക്കള്‍ കൈമാറാന്‍ ഒരു മടിയില്ലെന്ന് പറഞ്ഞ വിജയ് മല്യ ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കത്തെ സ്വാഗതം ചെയ്തു. കുറച്ച് കാറുകളും ആഭരണങ്ങളും മാത്രമാണ് തനിക്ക് സ്വന്തമായി ഇംഗ്ലണ്ടില്‍ ഉള്ളത് അത് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ തേടിവരണ്ട ആവശ്യമില്ല. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് അവയെത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് വിജയ് മല്യ പറയുന്നു. 

തനിക്ക് ലണ്ടനിലുള്ള സ്വത്തുക്കളുടെ വിവരം സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് മല്യ വിശദമാക്കി. മൊണോക്കോയിലും അബുദാബിയിലും ഉപയോഗിക്കുന്ന അഡംബര നൗകകള്‍ തന്റേതല്ലെന്നും മല്യ പറഞ്ഞു. ലണ്ടനില്‍ താന്‍ താമസിക്കുന്ന ആഡംബര വീട് മക്കളുടെ പേരില്‍ ആണെന്നും ലണ്ടനിലുള്ള മറ്റൊരു വീട് അമ്മയുടെ പേരിലാണെന്നും മല്യ വ്യക്തമാക്കി. അതുകൊണ്ട് തന്നെ അവ കണ്ടുകെട്ടാന്‍ സാധിക്കില്ലെന്നും മല്യ പറഞ്ഞു. 
 

click me!