അവര്‍ വിശ്വസിക്കുന്നു റഷ്യന്‍ ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവമുണ്ടാവും

By Web DeskFirst Published Jun 26, 2018, 11:52 PM IST
Highlights
  • ഇമ്മാനുവേല്‍ മാക്രോ പ്രസിഡന്‍റായി ജയിച്ചുകയറിയതോടെ ഫ്രാന്‍സുകാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു
  • ഫ്രഞ്ച് ഫുട്ബോള്‍ ടീം ഈ ലോകകപ്പിലെ ഏറ്റവും കരുത്തര്‍

തങ്ങളുടെ ടീം ജൂലൈ 15 ന് മോസ്കോയില്‍ ലോകകീരീടം ചൂടുമെന്ന് ഫ്രഞ്ച് ജനത ഉറച്ച് വിശ്വസിക്കുന്നു, കാരണം കഴിഞ്ഞ നാല് വര്‍ഷത്തിനിടയ്ക്ക് ശ്രമിച്ചാല്‍ നേടാന്‍ സാധ്യമല്ലാത്തതായിട്ട് ഈ ഭൂമിയില്‍ ഒന്നുമില്ല എന്ന് അവര്‍ മനസ്സിലാക്കി. കഴിഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ് അവര്‍ക്ക് എന്തും സാധ്യമെന്ന തിരിച്ചറിവ് നല്‍കിയത്. മുന്‍പ് യാതൊരുവിധമായ രാഷ്ട്രീയ പരിചയവുമില്ലായിരുന്ന ഇമ്മാനുവേല്‍ മാക്രോ എന്ന വ്യക്തി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലൂടെ ഫ്രാന്‍സിന്‍റെ ഒന്നാമത്തെ പൗരനായി ഉയര്‍ന്നുവന്നു. 

ഇതേ മാറ്റം ഫ്രഞ്ച് ഫുട്ബോളിനും കൈവന്നു. മാറ്റമാണ് കാലത്തിനൊത്ത് നേട്ടമുണ്ടാക്കാന്‍ അനിവാര്യമായ ഇന്ധനമെന്ന് മനസ്സിലാക്കിയ ഫ്രാന്‍സ് തങ്ങളുടെ ഫുട്ബോള്‍ ടീമിനെയും അടിമുടി പുതുക്കിപ്പണിതു. സാമ്പത്തിക രംഗത്തെ ഫ്രാന്‍സിന്‍റെ ഏറ്റവും വലിയ എതിരാളി ജര്‍മ്മനിയാണ്. ഇതെ വെല്ലുവിളിതന്നെയാണ് ലോകകപ്പിലും തങ്ങള്‍ നേരിടുന്നതെന്നാണ് ഫ്രാന്‍സുകാരുടെ പക്ഷം. 1998 ലാണ് ഫ്രാന്‍സ് ലോകകപ്പ് കിരീടത്തില്‍ ചുംബിച്ചത്. 2000 ത്തില്‍ യൂറോകപ്പിലും ഫ്രഞ്ച് വിജയഗാഥയുണ്ടായി. എന്നാല്‍ പിന്നീട് കിരീട നേട്ടം ഫ്രാന്‍സിന്‍റെ കൈകളില്‍ നിന്ന് അകന്നുനിന്നു. 

റഷ്യയിലേക്ക് ടീമിനെ അയ്ക്കുന്ന ഫ്രാന്‍സ് കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. ഈ ലോകകപ്പില്‍ കിരീട നേട്ടത്തിനായി അവര്‍ ഫ്രഞ്ച് ഫുട്ബോളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഫ്രഞ്ച് വിപ്ലവത്തിന്‍റെ നാട്ടില്‍ അവര്‍ ശരിക്കും ഒരു ഫുട്ബോള്‍ വിപ്ലവം തന്നെ നടത്തിയിരിക്കുന്നു. റഷ്യയില്‍ ഫ്രാന്‍സിനായി പന്ത് തട്ടിമുന്നേറുന്ന ടീമില്‍ യുവ സാന്നിധ്യം ഒരുപാട് കൂടുതലാണ്. യൂറോയുടെ വളര്‍ച്ച സാധാരണ നിലയില്‍ മാത്രമായാണ് ഇപ്പോള്‍ ഫ്രഞ്ച് മേഖലയില്‍ ദൃശ്യമാവുന്നത്. ഫ്രാന്‍സിന്‍റെ സാമ്പത്തിക രംഗത്ത് ഉത്തേജനമുണ്ടാവുമെന്ന പ്രതീക്ഷകള്‍ ഫ്രഞ്ച് ലീഗുകളിലേക്കും, ഫ്രഞ്ച് ഫുട്ബോളിനായുളള സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തിലും വര്‍ദ്ധനവുണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് ഗോള്‍ഡ്മാന്‍ സാഷെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിശദമായ പഠനമുണ്ട്.     

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ ചെറിയ മാറ്റങ്ങള്‍ പോലും ഫുട്ബോളിനായുളള വിഹിതത്തെ ബാധിക്കരുതെന്ന് തീരുമാനിച്ചുറപ്പിച്ചത് പോലെയുളള പോഷണ നടപടികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ നടപ്പാക്കിയത്. ഫ്രഞ്ച് ക്ലബ്ബുകള്‍ക്കായുളള സ്പോസര്‍ഷിപ്പുകളിലും കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് വര്‍ദ്ധനവുണ്ടായത് യുവാക്കളെ കൂടുതല്‍ ഫ്രഞ്ച് ഫുട്ബോളിലെത്തിച്ചു. അതിന്‍റെ പ്രതിഫലനം പോലെയായി ഫ്രഞ്ച് പടയില്‍ വര്‍ദ്ധിച്ച യുവ സാന്നിധ്യവും.

ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, അന്‍റോണിയ ഗ്രീസ്മാന്‍, കിലിയാന്‍ എംബാബേ, പോള്‍ പോഗ്ബ തുടങ്ങിയ യുവ നിരയാണ് ഫ്രാന്‍സിന്‍റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിലുടനീളം ഫ്രാന്‍സില്‍ നിന്നുളള ആ വിപ്ലവ യുവനിരയുടെ കരുത്ത് അവര്‍ കണിക്കുകയും ചെയ്തു. ഗ്രൂപ്പ് സിയില്‍ നിന്ന് ഗ്രൂപ്പ് ചാംമ്പ്യന്മാരായാണ് അവര്‍ അടുത്ത് ഘട്ടത്തിലേക്ക് എത്തുന്നത്. 1998 ല്‍ ഫ്രാന്‍സ് കീരീടം ചൂടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന ദിദിയര്‍ ദെഷോമാണ് ഫ്രാന്‍സിന്‍റെ ഇപ്പോഴത്തെ കോച്ച്. ലോകകപ്പിനുളള ടീമിനെ കൂടാതെ ലോകകപ്പ് കളിക്കാന്‍ ശേഷിയുളള ഒരു വലിയ പിന്‍നിരയെകൂടി ദിദിയര്‍ തയ്യാറാക്കിയിട്ടുളളതിനാല്‍ ഫ്രഞ്ച് ഫുട്ബോളിന് ഇനി വരാനിരിക്കുന്നത് തോല്‍വി അറിയാത്ത ദിനങ്ങളാവും. ഫ്രഞ്ച് ജനത ആത്മാര്‍ത്ഥമായി ലോകകിരീടം ആഗ്രഹിക്കുന്നു അത് സാധിക്കാനെന്നവണ്ണം അവരുടെ ഫുട്ബോള്‍ ടീം റഷ്യയില്‍ പടപൊരുതുന്നു.   
    

click me!