
കാസര്‍കോട്: എണ്‍പത്തഞ്ച്കാരനായ കരുണാകരനും ഭാര്യ കാര്‍ത്യായനിക്കും പ്രായത്തിന്റെ എല്ലാ അവശതകളും ഉണ്ട്. പക്ഷേ റേഷന്‍ വാങ്ങണമെങ്കില്‍ മൂന്നു കിലോമീറ്റര്‍ നടക്കണം. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ചെന്നടുക്കത്തെ മാളികേയില്‍ കരുണാകരനും ഭാര്യ കാര്‍ത്യായനിയുമാണ് റേഷന്‍ വാങ്ങുന്നതിനായി 85 ലും നടക്കുന്നത്. കാലിക്കടവ് റേഷന്‍ കടയിലാണ് ഇവര്‍ക്ക് അരിയുള്ളത്. മക്കള്‍ മൂന്ന് പേര്‍ ഉണ്ടെങ്കിലും ഇവരൊക്കെ വെവ്വേറെ ഇടങ്ങളിലാണ്.
കാലിക്കടവില്‍ നിന്നും പൊട്ടിപൊളിഞ്ഞ തൂക്കുപാലം വഴിയുള്ള അപകടം നിറഞ്ഞ യാത്ര. പിന്നീട് ചെമ്മണ്ണും കല്ലുകളും നിറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്റര്‍ നടത്തം. ആരും തളരുന്ന വഴിയില്‍ കൂടി കരുണാകരനും ഭാര്യ കാര്‍ത്യായനിയും നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റേഷന്‍ വാങ്ങാനും മരുന്നിനുമായി നടക്കുന്നതിനിടയില്‍ തളര്‍ന്നു വീഴുന്ന വൃദ്ധ ദമ്പതിമാരെ ഏറ്റവും ഒടുവിലായി സിവില്‍ സപ്ലൈ വകുപ്പും കുരുക്കി. എ.എ.വൈയില്‍ നിന്നും ഇവരെ ബി.പി.എല്‍. കാര്‍ഡിലേക്ക് മാറ്റി. ഇതോടെ അന്നം വെക്കാനുള്ള അരിക്ക് ആഴ്ചയിലും മലയിറങ്ങണം.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ചെന്നടുക്കം. ഇവിടേക്കുള്ള ഗതാഗത സൗകര്യത്തിന് ഇന്നും കാര്യമായ പുരോഗതിയില്ല. ജീപ്പ് സര്‍വീസാണ് ഇന്നും ഇവിടത്തുകാര്‍ ഉപയോഗിക്കുന്നത്. മാങ്ങോട് വഴി ടാര്‍ ചെയ്ത പഞ്ചായത്ത് റോഡുണ്ടെങ്കിലും ബസ് സര്‍വീസില്ല. ജനകീയ കമ്മറ്റി വാങ്ങിയ ജീപ്പാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏക ഗതാഗത മാര്‍ഗ്ഗം. കാലിക്കടവില്‍ നിന്നും ചെന്നടുക്കത്തേക്കു ഭീമനടി പുഴയ്ക്കു കുറുകെ റോഡ് പാലം വേണമെന്ന നാട്ടുകാരുടെ അവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്് പഞ്ചായത്ത് ഇവിടെ നിര്‍മ്മിച്ച തൂക്ക് പാലം അപകടാവസ്ഥയിലാണ്. സ്ലാവുകള്‍ പഴകി ദ്രവിച്ചു ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. ഈ വഴിയില്‍ കൂടിയാണ് കരുണാകരനും ഭാര്യ കാര്‍ത്യാനിയും പ്രായം തളര്‍ത്തുന്ന അവശതയിലും കിലോമീറ്ററുകളോളം നടക്കുന്നത്. മൂന്ന് കിലോമീറ്റര്‍ ദൂരം അഞ്ചു മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ നടന്നെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam